പൂക്കളില്ലാതെ, പുലരിയില്ലാതെ ആർദ്രമേതോ വിളിക്കു പിന്നിലായി സുഗതകുമാരി ടീച്ചറും പോയി. ഈ കൊവിഡ് കാലത്ത് ഈ ലോകത്തിന്റെ നഷ്ടവും മറ്റേതോ സുന്ദരലോകത്തിന്റെ സൗഭാഗ്യവുമായി എം.പി. വീരേന്ദ്രകുമാറും അക്കിത്തവും മറ്റൊരുപാടു പ്രിയപ്പെട്ടവരും പോയ വഴിയേ ടീച്ചറും പോയി. ഒരേസമയം കവിയും ആക്‌ടിവിസ്റ്റും, ഭരണാധികാരിയും, സാമൂഹ്യ പ്രവർത്തകയായുമൊക്കെയായി പാവം മാനവഹൃദയത്തെ സ്‌നേഹിച്ച ആർദ്രനക്ഷത്രം.
“For after all, all the
best thing one can do when it is
raining is let it rain”
(Henry Wadsworth Longfellow)
അതേ, ലോംഗ്‌ഫെലോ പറഞ്ഞതു പോലെ പെയ്യുന്ന മഴയെ പെയ്യാനനുവദിക്കുകയല്ലാതെ പാവം മാനവഹൃദയം എന്തു ചെയ്യാൻ! ടീച്ചറെ എപ്പോൾ കണ്ടാലും ഏതെങ്കിലും പെൺകുട്ടിയുടെ സങ്കടം… മണ്ണിന്റെ സങ്കടം…മരത്തിന്റെ സങ്കടം പറയാനുണ്ടാകും. വയ്യാതാകുന്നതിനു മുൻപ് വരെ ദുരിതമനുഭവിക്കുന്ന ആരുടെയെങ്കിലും കാര്യം പറഞ്ഞ് ഇടയ്‌ക്കൊരു വിളി പതിവായിരുന്നു. യൂണിഫോമിൽ സന്ധ്യയെ കാണുന്നത് വലിയ അഭിമാനവും ധൈര്യവും തരുന്നു എന്ന് എപ്പോഴും പറയുമായിരുന്നു. എന്റെ പല പുസ്തകങ്ങളുടെയും പ്രകാശനച്ചടങ്ങിൽ വന്ന് നല്ലവാക്കുകൾ പറഞ്ഞതും മറക്കാനാവില്ല.
ആ നന്മയുടെ തുണ്ടിന് പച്ചവിരിപ്പണിഞ്ഞ ഹൃദയം പിളർക്കപ്പെടാതെ മനോഹരമായ സഹ്യനിൽ നിന്ന് ഒരു കാറ്റായി നമ്മുടെ നെറ്റിയിലെ വിയർപ്പൊപ്പിക്കടന്നു പോകാനായിരിയ്ക്കാം ഇനി പ്രിയം. വംശമറ്റു പോയേക്കാവുന്ന സൈലന്റ് വാലിയിലെ ഒരു ചെറുപ്രാണിയെ കരിയിലക്കാറ്റായി ഉൾവനത്തിലേക്ക് നയിക്കുന്നുണ്ടാവാം. മുറ്റിയ മുളങ്കൂട്ടത്തിൽ ഒരു രാത്രിത്തിളക്കമായി നമ്മെ ആനന്ദിപ്പിക്കുന്നുണ്ടാവണം. നഗരവീഥിയിലെ ഏതോ മരത്തിൽ താഴ്‌ത്താനുയരുന്ന കോടാലിക്കൈയ്യിൽ അരുതേ എന്നു പിടിച്ചു വലിക്കുന്നുണ്ടാവാം. ടീച്ചർ കുട്ടികൾക്കായി എഴുതിയ മഹാഭാരതം വായിച്ച ഏതോ കുട്ടിയുടെ കണ്ണിലെ വിസ്മയ പ്രകാശമായി ജ്വലിക്കുന്നുണ്ടാവാം. 'കൃഷ്ണാ നീയെന്നെയറിയില്ല ' എന്നു ചൊല്ലുന്ന ഒരു ഗോപികയുടെ കണ്ണിലെ പരിഭവമായി വിടരുന്നുണ്ടാവാം. വാക്കുകൾക്കും സത്പ്രവൃത്തികൾക്കും മരണമില്ല. പ്രകാശവർഷങ്ങൾക്കു മുൻപ് കത്തിയമർന്ന നക്ഷത്രങ്ങളുടെ പ്രകാശമാണു നാമിന്നു കാണുന്നത്. അതുപോലെ എത്രയോ തലമുറകൾക്കു പ്രകാശമായി മാറും ടീച്ചറുടെ വാക്കുകളും പ്രവൃത്തികളും!
തുറന്ന ആകാശത്തിനു താഴെയിരുന്ന് രാത്രിയിലെ ധനുമാസക്കുളിർക്കാ
റ്റേറ്റ് എന്റെ എഴുത്തു മേശയിലേക്ക് വരികളുണരുമ്പോൾ എന്നോ പൊലിഞ്ഞ നക്ഷത്രങ്ങളുടെ പൊട്ടിലേറി ഒരു മഞ്ഞുതുള്ളി അടർന്നുവീണ് എന്റെ കൈവിരലിനെ ഈറനണിയിക്കുന്നു. ഇന്ന് രാവിലെ നടക്കാനായി കാട്ടുപാതയിലിറങ്ങിയപ്പോൾ മഞ്ചാടിമരങ്ങളും വള്ളിപ്പടർപ്പുകളും ഇല യും ഒക്കെ ചേർന്ന് പണിത മരതകക്കൊട്ടാരത്തിനു കീഴിലൊരു വള്ളിയൂഞ്ഞാലിലിരുന്നു ഊഞ്ഞാലാടുന്ന രണ്ടു പച്ചച്ചുണ്ടൻ കിളികളെ കണ്ടു. ഫോട്ടോഗ്രഫർ വിനോദ് പറഞ്ഞു 'ദാ ഇവ ആകെ രണ്ടെണ്ണമേ അക്കാദമിയിലുണ്ടായിരുന്നുള്ളൂ 2007 ൽ. ഇപ്പോൾ പത്തെണ്ണമെങ്കിലും കാണും'. എന്റെ മനസു നിറഞ്ഞു. ഞാൻ മറുപടി പറഞ്ഞു, 'ഈ അക്കാദമി ഇവിടെ തുടങ്ങിയാൽ വെള്ളക്ഷാമം കൊണ്ടുപൂട്ടേണ്ടിവരും എന്നു 1996 ൽ അക്കാദമി പ്രോജക്ട് അഡ്വൈസറി കമ്മിറ്റിയിൽ ഒരാൾ പറഞ്ഞത് എനിക്ക് ഓർമ്മവരുന്നു. എന്നാലിതു പണിതവരും കൊണ്ടുനടന്നവരുമൊക്കെ ദീർഘ വീക്ഷണമുള്ളവരായിരുന്നു.
നമ്മളിവിടെ കൃത്രിമമായി ഉണ്ടാക്കിയതാണു ഇന്നു നാം കന്യാസ്ത്രീ കൊക്കിന്റെ ചിത്രമെടുത്ത ഡാം. നമ്മുടെ അക്കാദമിയിലെ ഡാമുകളും മഴക്കുഴികളും കൊണ്ട് ജലക്ഷാമം ഏതാണ്ട് പരിഹരിച്ചു. സമീപപ്രദേശത്തെ ജലക്ഷാമവും മാറി. എത്രയോ ഇനം ജന്തുജാലങ്ങൾ ഇവിടെയുണ്ട്. ഒരു ചെറിയ പ്രദേശത്ത് ഏറ്റവും കൂടുതൽ പക്ഷികളുള്ള സ്ഥലമേതെന്നു ചോദിച്ചാൽ പൊലീസ് അക്കാദമിയാണെന്നു പറയാം എന്നാണ് കെ.എഫ്.ആർ.ഐ.ലെ ഒരു ശാസ്ത്രജ്ഞൻ ഇവിടെ വന്നപ്പോൾ പറഞ്ഞത് '.
മനസുവച്ചാൽ, അത്യാപത്കരമായി പരിസ്ഥിതി അപകടത്തിലായി എന്നു യു.എൻ പറഞ്ഞ നമ്മുടെ കൊച്ചുകേരളമുൾപ്പെടുന്ന നീലഗിരി പ്രദേശം നമുക്കു തിരിച്ചു പിടിക്കാനാകും. പക്ഷേ പുതിയ തലമുറയ്‌ക്ക് തിരിച്ചറിവുമായി നമ്മുടെ തലമുറ ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ടിയിരിക്കുന്നു; പരിഹാരം കാണേണ്ടിയിരിക്കുന്നു. ടീച്ചർ പറഞ്ഞതോർക്കുന്നു 'പേടിയില്ലാത്ത ധൈര്യമുള്ള തലമുറയെയാണു ഞാൻ മോഹിക്കുന്നത് '.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ക്രൂരകൃത്യങ്ങൾക്കെതിരെ പ്രതികരിക്കുന്നത് പ്രതികളുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ പരിഗണിച്ചാണെങ്കിൽ ഇരകളുടെ കണ്ണീർവീണു തന്നെ നാടുവെണ്ണീറാകയില്ലേ? ഇരകൾക്കും വേട്ടക്കാർക്കുമൊപ്പം ഓടുന്നതിൽ വൈദഗ്ദ്ധ്യമുള്ളവർ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാനങ്ങളിലാണെങ്കിൽ കണ്ണകിയുടെ ചിലമ്പ് മധുരയിൽ വീണു മധുര കത്തിയതുപോലെ നാടു കത്തില്ലേ? വേട്ടക്കാരുടെ മിനുമിനുത്ത കുപ്പായവും ചിരിയും വാക്ചാതുരിയും ആരേയും കീഴ്‌പ്പെടുത്താൻ പോന്നതാണ്. നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു… ടീച്ചറിന്റെ സ്വപ്‌നങ്ങൾ പൂവണിയണമെങ്കിൽ 'നമ്മുടെ ധർമ്മം സ്വാർത്ഥവും നമ്മുടെ നയം മൗഢ്യവും നമ്മുടെ ദൈവം ലോഹവർണനാം അധർമ്മവു'മല്ലാ എന്ന് നാം ഉറപ്പിക്കണം.