tourism

മറക്കാൻ കഴിയാത്ത നിരവധി ഓർമ്മകൾ സമ്മാനിച്ചാണ് 2020 വിട വാങ്ങിയത്. എന്നാൽ, സഞ്ചാരപ്രിയർക്ക് നിരാശ സമ്മാനിച്ച വർഷമായിരുന്നു. യാത്ര പോകാൻ കഴിയുമോ എന്ന ആശങ്കയില്ലാതെ,​ 2021ൽ എവിടെയൊക്കെ പോവാം എന്ന ചിന്തയിലാണ് സഞ്ചാരികൾ എന്നതിലാണ് വൈചിത്ര്യം. പുതുവർഷത്തിൽ പുത്തൻ യാത്രാനുഭവങ്ങൾ അനുഭവിച്ചറിയാൻ സഞ്ചാരികൾ ഇന്റർനെറ്റിൽ തിരഞ്ഞ സ്ഥലങ്ങൾ അടുത്തറിഞ്ഞാലോ?​

മാലി ദ്വീപ്

ലോക്ഡൗൺ നിയന്ത്റണങ്ങളിൽ ഇളവ് വന്നപ്പോൾ സഞ്ചാരികൾ ഏറ്റവുമധികം തിരഞ്ഞ നാട് മാലിദ്വീപാണ്. പ്രകൃതി സൗന്ദര്യത്തിന് പേര് കേട്ട മാലിദ്വീപ് 2021 ലെ ഏ​റ്റവും വലിയ ആകർഷണ കേന്ദ്രമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. സീ പ്ലേയ്നുകൾ, കടലിനടിയിലെ റിസോർട്ടുകൾ, പ്രകൃതി സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന ആഢംബരത്തിന്റെ അവസാന വാക്കായ റിസോർട്ടുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്. കടലിലെ സ്വർഗ്ഗം എന്നാണ് സഞ്ചാരികൾ ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്.

കെനിയ

ഇവിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. കാടും ദേശീയോദ്യാനങ്ങളുമാണ് ഇവി‌ടെ സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. അംബോസെലി ദേശീയോദ്യാനം, മലിൻഡി മറൈൻ ദേശീയോദ്യാനം, മൽക്ക മാരി ദേശീയോദ്യാനം, സാംബുറു നാഷണൽ റിസർവ്വ്,​ സിബിലോയി ദേശീയോദ്യാനം എന്നിവയാണ് കെനിയയിലെ പ്രധാന ദേശീയോദ്യാനങ്ങൾ. കൂടാതെ പക്ഷി നിരീക്ഷണത്തിനും വന്യജീവി സഫാരികൾക്കം അനുയോജ്യമായ നിരവധി ഇടങ്ങൾ ഇവിടെയുണ്ട്.

കോസ്റ്റാറിക്ക

ലാറ്റിൻ അമേരിക്കയിൽ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട് ഇടങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. മനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പുഷ്ടമായ ഇവിടം വിനോദസഞ്ചാരികൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. കാനപി സിപ്ലെയ്ൻ, സർഫിംഗ്, വെയില്‍ വാച്ചിംഗ് എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.

ബാലി

സീസണേതായാലും ലോകമെമ്പാടുമുള്ള സഞ്ചാരികളു‌ടെ പ്രിയപ്പെ‌ട്ട നാ‌ടാണ് ബാലി. ദൈവങ്ങളു‌ടെ വാസസ്ഥലവും സഞ്ചാരികളുടെ സ്വർഗ്ഗവുമായാണ് ഇവിടം അറിയപ്പെടുന്നത്. അന്താരാഷ്ട്ര സഞ്ചാരികൾക്കായി ഇതുവരെ രാജ്യം തുറന്നുകൊടുത്തിട്ടില്ല എങ്കിലും ആഭ്യന്തര വിനോദ സഞ്ചാരരംഗത്ത് വലിയ വളർച്ച ഇവിടെയുണ്ട്. പൂർണ്ണമായും വിനോദ സഞ്ചാരത്തെ ആശ്രയിച്ചു കഴിയുന്ന ഇവിടം ജനുവരിയോടെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും എന്നാണ് കരുതപ്പെടുന്നത്.

ന്യൂസിലന്റ്

2021ലെ ബക്കറ്റ് ലിസ്റ്റിൽ ഏറ്റവും അധികം സഞ്ചാരികൾ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന, അതേസമയം ആളുകളുടെ തിക്കും തിരക്കും ഇല്ലാത്ത ഇവിടത്തെ സ്ഥലങ്ങളാണ് കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്നത്. പ്രകൃതിയിലെ നാലു സീസണുകളും ഒറ്റ ദിവസത്തിൽ തന്നെ ആസ്വദിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏക രാജ്യം കൂടിയാണ് ന്യൂസിലന്റ്.

പാരിസ്

സഞ്ചാരപ്രിയർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന നഗരമാണ് പാരിസ്. ഇമ ചിമ്മാതെ വെളിച്ചത്തിൽ തെളിഞ്ഞു കിടക്കുന്ന പാരീസ് സൗന്ദര്യാരാധകരുടെയും ഫാഷൻ പ്രേമികളുടെയും സ്വപ്ന സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്. പകലിനെക്കാൽ രാത്രികാഴ്ച്ചകൾക്കാണ് പാരീസിൽ സഞ്ചാരികളെത്തുന്നത്. ആഘോഷമാണ് പാരീസിലെ ഓരോ രാത്രികളും. ഈഫെൽ ‌ടവർ, മോൺപാർനാസ് ടവർ, ഇൻവാലിദെ, പെലെ ഗാർണിയർ, ലുവർ മ്യൂസിയം, നോട്ടർ ഡാം കത്തീഡ്രൽ, ഷാംസ് എലീസേ ഷോപ്പിംഗ് സ്‌ട്രീറ്റ്, ആർക്ക് ഡി ട്രയംഫ്, സെയ്ൻ നദിയിലെ ബോട്ട് യാത്ര എന്നിങ്ങനെ നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. ഇവി‌ടുത്തെ വ്യത്യസ്തമായ ഫ്രഞ്ച് രുചികളും ലോകപ്രശസ്തമാണ്.

ലാസ് വേഗാസ്

യാത്ര ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് അമേരിക്കയിലെ ലാസ് വേഗാസ്. ലോകത്തിന്റെ വിനോദ സ‍ഞ്ചാര കേന്ദ്രമായി വിളിക്കപ്പ‌െടുന്ന ലാസ് വേഗാസ് നൊവാജ സംസ്ഥാനത്തിന്റെ ഭാഗമാണ്. ചൂതാട്ടത്തിന്റെ ലോക തലസ്ഥാനമാണ് ലാസ് വേഗാസ്. റിസോർട്ടുകൾ,​ റെയ്‌സ് കാർ ട്രാക്കുകൾ, തീം പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിങ്ങനെ അടിച്ചുപൊളിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. പ്രായഭേദമന്യെ നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്.

സ്ളൊവേനിയ

യൂറോപ്പിന്റെ ഹരിതസ്ഥാനം എന്നാണ് സ്ളൊവേനിയ അറിയപ്പെടുന്നത്. ഇറ്റലിയോട് ചേർന്ന് കിടക്കുന്ന ഇവിടം 2021 ലെ ടോപ് സെർച്ചുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുത്ത സോൾവേനിയ ഭക്ഷണ പ്രിയർക്ക് വൈവിദ്ധ്യങ്ങളൊരുക്കുന്ന രാജ്യം കൂടിയാണ്.