പാടി പറന്നൊരാ പൂങ്കുയിൽ നാദത്തെ
തേടി ഞാനെന്നും
അലഞ്ഞിരുന്നു!
വഴിയിൽ ഒരു ചില്ലയിൽ മിണ്ടാട്ടമില്ലാതെ
മൗനിയായ് ഇരുന്നവൾ അവളായിരുന്നോ?
അവളുടെ താപ നിശബ്ദ നിശ്വാസങ്ങൾ
മലർവാടിയെപ്പോലും കനപ്പിച്ചു നിന്നിരുന്നു.
മിഴിവാർന്ന പൂക്കളും തേനോലും കനികളും
ആരെയോ കാത്തെന്നപോൽ നിന്നിരുന്നു.
ശലഭങ്ങളാകട്ടെ നിറവണ്ടുകളാകട്ടെ
മൂളുവാൻ പോലും മറന്നിരുന്നു!
തളിരില കൊത്തിയും പൂമണമുണ്ടും
മദിച്ച കിളിജാലം വാടി വിട്ടെങ്ങോ പറന്നിരുന്നു.
തിരയുന്നെൻ നാടിന്റെ പൊയ്പ്പോയ സുകൃതത്തെ
ഏകയായൊരു സഞ്ചാരി എന്നപോലെ.
നോവുന്നു പിടയുന്നു എരിയുന്നിതെൻ മനം
ചില വരികൾ അവൾ പൊഴിച്ചിട്ടതോർക്കേ.
വേവുന്നു നീറുന്നു വേദന ചിന്തുമാ ഗാനങ്ങൾ
ആരണ്യമപ്പാടെ മാറ്റൊലി കൊണ്ട് നിൽക്കേ!
മണ്ണിന്റെ നോവും പൂമരച്ചില്ല തൻ നീറ്റലും
വറ്റിവരണ്ട നദികൾ തൻ തേങ്ങളുമെല്ലാമെല്ലാം
മർത്യന്റെ കണ്ണിനും കാതിനും മുന്നിലായ്
ഉറ്റോടെ പെയ്തും പറഞ്ഞും പിടഞ്ഞു കരഞ്ഞും
പാടിത്തളർന്നും നൊന്തു വെന്തുപറന്നും
പൊയ്പോയതെങ്ങോ ആ പൂങ്കുയിലാൾ?
അമ്മ തൻ നെഞ്ചിലെ കത്തുന്ന നോവുകൾ
മക്കളെല്ലാം ഒന്നുപോൽ അറിയില്ലല്ലോ!
കുത്തിയും കുഴിച്ചും എരിച്ചും കവർന്നും
അസുരവിത്തുകൾ മദത്താൽ ചവുട്ടി മെതിച്ചിടേയ്കകാം!
നോവ് സഹിക്കാതെ അപ്പാവം കുടയുന്ന വിരലുകൾ
ചിലതെല്ലാം തല്ലിതകർത്തിടേയ്ക്കകാം!
മർത്യന്റെ തിമിരവും തിമിരും അകറ്റുവാൻ
പഞ്ചഭൂതങ്ങളൊന്നായി താണ്ഡവമാടിയേക്കാം!
കാറ്റും മഴയും കടലും പുഴയും ആധിയും വ്യാധിയും
കൂറ്രൻ തിരമാല പോൽ ഉയർന്നിരിക്കാം!
ഇനിയൊരു കുരുക്ഷേത്ര താണ്ഡവം താങ്ങുവാനാകാതെ
ഗാന്ധാരഭൂമിയും ഉള്ളിൽ പിടയുന്നുമുണ്ടാം!
എങ്ങനെ തുടങ്ങണം എവിടെ തിരയണം
പൊയ്പോയ വസന്തമേ ചൊല്ലുമോ നീ?
കൂർത്ത വിഷക്കല്ലാലെൻ പാദം മുറിഞ്ഞാലും
ഭർത്സിത നാദങ്ങൾ പിൻവിളി മുഴക്കിയാലും
നില്കില്ലെൻ പാദങ്ങൾ തളരില്ലെൻ സ്പന്ദനങ്ങൾ
അവൾ തൻ സ്വപ്നതീരം അണയും വരെ!
കഴിഞ്ഞില്ലയെങ്കിലോ, തിരഞ്ഞിട്ടും കാണുവാനായില്ലയെങ്കിലോ
ഒരുമുടി കെട്ടേന്തി മലയും കാടും നദിയും ഞാൻ കടന്നുപോകും
എൻ പിന്മുറക്കായ് ഞാനും ഒരുപക്ഷേ ഒരുക്കിയേക്കാം
ഒരു സുവീഥി, സുഗതൻ തൻ പാതമുദ്രനെഞ്ചിലേറ്റി.