road

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയ ബൈപ്പാസിന്റെ ഭാഗമായുള്ള പ്ളാവിളയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ)​ ജില്ലാഭരണകൂടത്തിന്റെ സഹായം തേടി. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്ളാവിള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് വർഷമായി സ്തംഭിച്ച അവസ്ഥയിലാണ്. തുടർന്ന് ദേശീയപാത അതോറിട്ടി നിർമ്മാണം നിറുത്തി. പണി പുനരാരംഭിക്കണമെങ്കിൽ പൊലീസിന്റെ സുരക്ഷ ഇല്ലാതെ പറ്രില്ലെന്നാണ് ദേശീയപാത അതോറിട്ടിയുടെ നിലപാട്.

നിലവിലെ ഹൈവേയ്ക്ക് ലംബമായുള്ള റോഡിന് കുറുകെയാണ് പുതിയ റോഡ് പോകുന്നത് എന്നതാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. അതിനാൽ തന്നെ കിണറ്റടി- താഴം റോഡിൽ ഒരു ഓവർപാസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓവർപാസ് ഉണ്ടെങ്കിൽ പ്രതിദിന യാത്രക്കാരുടെ യാത്രയ്ക്ക് തടസമാകില്ലെന്നും നാട്ടുകാർ പറയുന്നു. കഴക്കൂട്ടം- കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കളക്ടർ യോഗം വിളിച്ചു

പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാകളക്ടർ നവജ്യോത് ഖോസ യോഗം വിളിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിന്റ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോടും ഡെപ്യൂട്ടി തഹസിൽദാറിനോടും സംഭവസ്ഥലം സന്ദർശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് നൽകും.

കളക്ടറുടെ ഇടപെടലിനെ ആക്ഷൻ കൗൺസിൽ അനുകൂലമായ നീക്കമായാണ് കാണുന്നത്. എന്നാൽ ഓവർപാസ് നിർമ്മിക്കണമെന്ന ആവശ്യത്തോട് ദേശീയപാത അതോറിട്ടി മുഖം തിരിക്കുകയാണ്. ഓവർപാസ് അസാദ്ധ്യമാണെന്നാണ് അതോറിട്ടിയുടെ നിലപാട്. ഇപ്പോൾ തന്നെ പദ്ധതിയുടെ യഥാർത്ഥ രൂപരേഖയിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്ളാവിളയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞിരംകുളത്ത് ദേശീയപാത അതോറിട്ടി ഒരു പാലവും ഓവർപാസും നിർമ്മിച്ചു കഴിഞ്ഞു. ഇനി ഒരു ഓവർപാസ് കൂടി നിർമ്മിക്കാനുള്ള ഫണ്ട് തങ്ങൾക്കില്ലെന്നും അതോറിട്ടി വ്യക്തമാക്കി.

അരനൂറ്റാണ്ട് പിന്നിട്ടു

2015 ജൂണിലാണ് 43.62 കിലോമീറ്റർ നീളമുള്ള കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. നാലുവരിപ്പാതയും ഇരുവശങ്ങളിലും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയാണ് ബൈപ്പാസ് റോഡിനുള്ളത്. 2018ൽ നിർമ്മാണം പൂർത്തീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നടപ്പായില്ല. 2020ൽ ഒന്നാം ഘട്ടമായ കഴക്കൂട്ടം മുതൽ വിഴിഞ്ഞം മുക്കോല വരെയുള്ള 26.5 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. രണ്ടാം ഘട്ടമായ മുക്കോല മുതൽ കാരോട് വരെയുള്ള നിർമ്മാണം ഇപ്പോഴും തുടരുന്നു. പണി പൂർത്തിയായാൽ സേലം - കന്യാകുമാരി എക്‌സ്‌പ്രസ് ഹൈവേയോട് കഴക്കൂട്ടം കാരോട് ബൈപ്പാസ് കൂടിച്ചേരും. അതോടെ തലസ്ഥാന നഗരിയെ കന്യാകുമാരിയുമായി ബന്ധിപ്പിക്കാനാകും. തമിഴ്നാട് അതിർത്തിയായ കാരോട് ഇഞ്ചിവിള വരെ നീളുന്ന രണ്ടാംഘട്ടം റോഡിനെ റിജിഡ് പേമെന്റ് (കോൺക്രീറ്റ്) റോഡായിട്ടാണ് നിർമ്മിക്കുന്നത്. സാധാരണ ടാർ റോഡിനേക്കാൾ ഈട് നിൽക്കുന്നതും, വെള്ളം കെട്ടിനിൽക്കാൻ കുഴികൾ ഉണ്ടാവില്ലെന്നതുമാണ് ഈ റോഡിന്റെ സവിശേഷത.