congress

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു തരത്തിലും സ്ഥാനാർത്ഥികളായി പരിഗണിക്കാൻ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കാൻ പറ്റാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിർദേശം നൽകി. ഇതുപ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും.

ഓരോ നിയമസഭാ മണ്ഡലത്തിലും ജയസാദ്ധ്യത നോക്കി സ്ഥാനാർത്ഥികളെ ചൂണ്ടിക്കാണിക്കണമെന്ന നിർദ്ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ രണ്ട് പട്ടികകളും അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുക.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി നേതാക്കളുമായി വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അൻവർ ഡൽഹിയിലെത്തി കേരളത്തെ സംബന്ധിച്ച റിപ്പോർട്ട് സോണിയ ഗാന്ധിക്ക് കൈമാറിയത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കാതിരുന്ന മുതിർന്ന നേതാക്കളുടെ വിശദാംശങ്ങളും എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പട്ടിക സംസ്ഥാന നേതൃത്വം നൽകും. ഇതനുസരിച്ചാകും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള കോൺഗ്രസിന്റെ അണിയറ നീക്കങ്ങൾ.

എം.പിമാർക്ക് രണ്ടു പേർ

തങ്ങളുടെ മണ്ഡലത്തിലുൾപ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കാവുന്ന രണ്ട് പേരുകൾ വീതം നൽകാൻ എം.പിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താത്പര്യങ്ങൾ മാറ്റിവച്ച് ജയസാദ്ധ്യതയ്‌ക്ക് മുൻതൂക്കം നൽകണമെന്ന നിർദ്ദേശവും എം.പിമാർക്ക് നൽകും. കെ.പി.സി.സി നേതൃത്വം നൽകുന്ന സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം എം.പിമാർ കൈമാറുന്ന പേരുകളും ഹൈക്കമാൻഡ് പരിശോധിക്കും.

അഭിപ്രായ സർവേ

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി മുൻകൈയെടുത്ത് സംസ്ഥാനത്ത് അഭിപ്രായ സർവേ നടത്തും. മൂന്ന് സ്വകാര്യ ഏജൻസികളെയാണ് എ.ഐ.സി.സി ഇതിനായി നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നുമടക്കം അഭിപ്രായങ്ങൾ തേടും. ജയസാദ്ധ്യത അടക്കമുള്ള കാര്യങ്ങൾ ഏജൻസികൾ പഠിക്കും.

ബംഗളൂരു ആസ്ഥാനമായുള്ള ഏജൻസി നിലവിൽ കോൺഗ്രസിനായി കേരളത്തിൽ അഭിപ്രായ സർവേ നടത്തുന്നുണ്ട്. ഇതിന് പുറമേ ഡൽഹിയിൽ നിന്നും മുംബയിൽ നിന്നുമുള്ള ഏജൻസികളും അഭിപ്രായ സർവേ നടത്തും. ഘടക കക്ഷികളെക്കുറിച്ചും ഘടക കക്ഷി സ്ഥാനാർത്ഥികളെക്കുറിച്ചും പരിശോധന നടത്തും.

മാനദണ്ഡം വരും

വിജയമാണ് മുഖ്യ മാനദണ്ഡമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി സ്ഥാനാർത്ഥി നിർണയത്തിൽ മറ്റ് മാനദണ്ഡങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകും. ഇതുസംബന്ധിച്ച കർശന നിർദേശം ഹൈക്കമാൻഡ് കെ.പി.സി.സിക്ക് കൈമാറും. രാഷ്ട്രീയകാര്യസമിതി ചേർന്നായിരിക്കും സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡങ്ങൾ തീരുമാനിക്കുക. കെ.പി.സി.സിയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഒരു പ്രധാന കാരണമെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

സമിതികൾ അടുത്തമാസം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രികാ സമിതിയടക്കം വിവിധ സമിതികളുടെ രൂപീകരണം അടുത്ത മാസത്തോടു കൂടിയുണ്ടാകും. പ്രചാരണസമിതി അദ്ധ്യക്ഷനായി ഉമ്മൻചാണ്ടിയെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് സമിതികൾ ജംബോ കമ്മിറ്റികൾ ആകരുതെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ ആഗ്രഹം. ഇതുസംബന്ധിച്ച ചർച്ചകൾക്കായി സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കാനും സാദ്ധ്യതയുണ്ട്.