murder

ലക്‌നൗ: ക്ലാസിൽ ഇരിക്കാനുളള സീറ്റിനെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ശിഖർപൂരിലുളള സരസ്വതി ഇന്റർ കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച്ച ക്ലാസ് തുടങ്ങിയപ്പോൾ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സീറ്റിന് വേണ്ടി നടന്ന തർക്കമാണ് കൊലാപതകത്തിൽ കലാശിച്ചത്.

പതിനാലുകാരൻ ബാഗിൽ കരുതിയ തോക്കെടുത്ത് സഹപാഠിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ക്ലാസ് ആരംഭിച്ച് രണ്ട് പീരിയിഡുകൾ കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം. വെടിയൊച്ച മുഴങ്ങിയതോടെ സ്‌കൂളിലെ വിദ്യാർത്ഥികളെല്ലാം പേടിച്ച് പുറത്തേക്കോടി. സഹപാഠിയെ വെടിവച്ച വിദ്യാർത്ഥിയെ അദ്ധ്യാപകർ പിന്നീട് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വെടിയുതിർത്ത ശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി മറ്റ് വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ കയ്യിൽ നിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മാവന്റേതാണ് തോക്ക്. ആർമി ഉദ്യോഗസ്ഥനായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വെടിയേറ്റ് പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.