തൃശൂർ: കുതിരാൻ ദേശീയ പാതയിൽ മൂന്നു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണം ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ലോറി ജീവനക്കാർ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ലോറിയുടെ ബ്രേക്കിന് തകരാറില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എ കെ ശശികുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. ലോറി ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യയ്‌ക്ക് കേസെടുക്കും. അപകടത്തിൽ രണ്ടു കാറുകൾ പൂർണമായും തകർന്നിരുന്നു. കുതിരാൻ ദേശീയപാതയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ആറു വാഹനങ്ങളിൽ തട്ടി മൂന്നു പേരാണ് മരിച്ചത്. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.