burger

ഭക്ഷണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. നാലായിരം രൂപയുണ്ടെങ്കിൽ നിങ്ങൾക്കും കഴിക്കാം സ്വർണ ബർഗർ. സംശയിക്കേണ്ട,​ സംഭവം സത്യമാണ്. സ്വർണം ചേർത്തു തയാറാക്കിയ ഈ വ്യത്യസ്ത ബർഗർ അവതരിപ്പിച്ച് കൊവിഡ് വ്യാപനത്തിലെ വ്യാപാരത്തകർച്ച മറികടന്നത് മരിയ പൗല എന്ന ഷെഫാണ്. കട്‌ലെറ്റ്, ഇറച്ചി, ചീസ് എന്നിവയ്ക്കു മുകളിൽ ‘ഗോൾഡ് ഫോയിൽ പ്ലേറ്റിംഗ്’ നടത്തിയാണ് മരിയ ബർഗർ തയ്യാറാക്കിയത്. പുതുവത്സരാഘോഷത്തിനായി കൊളംബിയയിൽ എത്തിയവർ മരിയ പൗലയുടെ സ്വർണ ബർഗർ നിർമ്മാണം വിഡിയോയിൽ കണ്ട് ടൊറോ മകോയ് റെസ്റ്റോറന്റിലേക്ക് ഇരച്ചു കയറി.

യഥാർത്ഥ സ്വർണം ചേർത്ത് തയ്യാറാക്കിയ ബർഗറിന്റെ പേര് 'ഒറോ മകോയ്" എന്നാണ്. പുതുവർഷാഘോഷത്തിലെ താരമാണ് സ്വർണം ചേർത്ത ബർഗർ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. കാരമലൈസ്ഡ് ബേക്കൺ, ഇറച്ചി, ചീസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ബർഗറിനു മുകളിൽ 24 കാരറ്റ് ‘സ്വർണക്കടലാസ്’ ചൂടാക്കി ചുറ്റുന്നു. ബർഗറിനു മുകളിൽ സ്വർണം ഉരുകിവീഴുമ്പോൾ ബർഗറിന്റെ തിളക്കം കൂടും. ‘ഗോൾഡ് ഫോയിൽ’ ചുറ്റുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് ബർഗറിന്റെ ഭംഗിയും രുചിയും വേറിട്ടുനിർത്തുന്നത്. സ്വർണം കയ്യിൽ ഒട്ടിയാൽ ബർഗറിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും അതിനാൽ വളരെ ശ്രദ്ധയോടെ മാത്രമെ ഈ ബർഗർ തയ്യാറാക്കാൻ കഴിയൂ എന്നാണ് ഷെഫ് പറയുന്നത്.

എന്തായാലും ഈ സ്വർണബർഗർ ഇപ്പോൾ ഹിറ്റായിട്ടുണ്ട്. ഗോൾഡൻ ബർഗറിന്റെ രാജകീയ പ്രൗഢി തന്നെയാണ് ബർഗറിൽ സ്വർണം പൂശി അവതരിപ്പിയ്ക്കാൻ റെസ്റ്റോറന്റ് ഉടമകൾക്ക് പ്രചോദനമായത്. ലണ്ടൻ റെസ്റ്റോറന്റിലും ഇത്തരം ഗോൾഡ് ബർഗർ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിനഞ്ചു ലക്ഷം പേർക്ക് കൊവിഡ് ബാധിച്ച രാജ്യമാണ് കൊളംബിയ. വൈറസ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ബിസിനസ് മേഖല തകർന്നിരുന്നു. പ്രതിസന്ധിയിൽ നിന്നു കരകയറാനായി വ്യാപാര സ്ഥാപനങ്ങൾ പുത്തൻ വിപണന തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിലൊന്നാണു മരിയ പൗല തയാറാക്കിയ സ്വർണം പതിച്ച ബർഗർ. അൻപത്തൊമ്പത് ഡോളറാണ് ഈ ബർഗറിന്റെ വില. അതായത് ഇന്ത്യൻ രൂപ നാലായിരം.