sreerama-krishnan

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്‌പീക്കർക്ക് എതിരെയുണ്ട്. ഇതേ തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.

ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകിയത്‌ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് . ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉളളത്. അടുത്ത ആഴ്‌ച നോട്ടീസ് നൽകി സ്‌പീക്കറെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിക്കാനാണ് കസ്റ്റംസ് നീക്കം.

സ്വപ്‌നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്‌പീക്കറെ കൂടാതെ പല പ്രമുഖരുടേയും പേരുകളുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. ഉന്നതരുടെ പേരുകൾ ഉണ്ടായതിനാൽ തന്നെ മൊഴികളിൽ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനൽകിയ ശേഷം തുടർനടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്‌.

സരിത്തിനെയും സ്വപ്‌നയെയും ഒരു ഫ്ളാറ്റിലേക്ക് സ്‌പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറുന്നു. ബാഗ് അവരോട് കോൺസുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്‌പീക്കർ നിർദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്‌നയുടെയും മൊഴി.

കേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ജനറലിന്റെ ഡ്രൈവറേയും അറ്റാഷെയുടെ ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും കസ്റ്റംസ് നോട്ടീസ് നൽകി. ഇരുവരും ഓടിച്ചിരുന്ന വാഹനങ്ങളിൽ ആരെല്ലാം യാത്ര ചെയ്‌തിരുന്നുവെന്ന് അറിയുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. യു എ ഇ കോൺസുലേറ്റ് ജനറലും അറ്റാഷെയും ഇന്ത്യയിലില്ലാത്തതിനാൽ തന്നെ അവരുമായി ബന്ധപ്പെട്ട് ഡ്രൈവർമാരെ മാത്രമേ കസ്റ്റംസിന് ചോദ്യം ചെയ്യാൻ സാധിക്കുകയുളളൂ. പ്രോട്ടോക്കോൾ ഓഫീസറെയും തിങ്കളാഴ്‌ച കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്.