തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും മാറി മാറി ചൂഷണം ചെയ്യുകയാണെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ. സംഘടനാപരമായും സ്ഥാനാർത്ഥി നിർണയത്തിലും സംഭവിച്ച ദൗർബ്ബല്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയ കാരണം. മണ്ഡലം പ്രസിഡന്റുമാർ മുതൽ കെ.പി.സി.സി പ്രസിഡന്റ് വരെയുളളവർ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു.
മുസ്ലീം ലീഗ് കോൺഗ്രസിനെ വിഴുങ്ങുന്നെന്നും കോൺഗ്രസിലെ പല കാര്യങ്ങളും ലീഗാണ് നിയന്ത്രിക്കുന്നതെന്നും ആക്ഷേപമുണ്ടല്ലോ. അങ്ങനെയൊരു തോന്നൽ മുന്നണി കൺവീനർക്കുണ്ടോ?
മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ നടത്തുന്ന പ്രചാരണങ്ങളാണ് ഇതെല്ലാം. പിണറായി വിജയൻ ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയേയും മാറി മാറി ചൂഷണം ചെയ്യുകയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ബി.ജെ.പി വരും വരുമെന്ന് പറഞ്ഞ് ബി.ജെ.പി പേടി വളർത്തുകയാണ്. തിരുവനന്തപുരത്തൊക്കെ അതാണ് സംഭവിച്ചത്. ബി.ജെ.പി പേടി ശക്തിപ്പെടുത്തി യു.ഡി.എഫിന് വിജയിക്കാൻ കഴിയില്ല ഞങ്ങൾക്കേ പറ്റൂവെന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. പിണറായി വിജയൻ ചിലപ്പോൾ സംസാരിക്കുന്നത് ആർ.എസ്.എസ് നേതാവിന്റെ സ്വരത്തിലാണ്. ചിലപ്പോൾ സംസാരിക്കുന്നതാകട്ടെ ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷകനായാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ വേഷത്തിലാണ് മുഖ്യമന്ത്രി വർഗീയ പാർട്ടികളെ പ്രീണിപ്പിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് നൽകുന്ന പാഠമെന്താണ്?
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതീക്ഷിച്ചത് പോലെ വിജയമുണ്ടായില്ല. പക്ഷെ, പരാജയം പരാജയം തന്നെയാണ്. എന്നാൽ, ബി.ജെ.പിയും സി.പി.എമ്മും പറയുന്നതു പോലെ ദയനീയമായ പരാജയമല്ല യു.ഡി.എഫിന് ഉണ്ടായിട്ടുളളത്. യു.ഡി.എഫിന്റെ പരാജയ കാരണങ്ങൾ ഞങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതിനുളള പരിഹാര മാർഗം എ.ഐ.സി.സി നിർദ്ദേശിക്കും. പ്രതീക്ഷിച്ച വിജയം ഉണ്ടാകാതെ പോയതിന് പ്രധാന കാരണം ഞങ്ങളുടെ സംഘടനാപരമായ ദൗർബല്യമാണ്. വലിയ അഴിമതി ആരോപണങ്ങൾ ശക്തമായി ഞങ്ങൾ പ്രചരിപ്പിച്ചുവെങ്കിലും അത് ജനങ്ങളിലേക്കെത്തിച്ച് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. സംഘടനയെ ശക്തിപ്പെടുത്താൻ കഴിയാത്തതു കൊണ്ടാണ് അത്തരമൊരു പാളിച്ച പറ്റിയത്. സ്ഥാനാർത്ഥി നിർണയത്തിൽ അപാകത ഉണ്ടായിട്ടുണ്ട്. കോൺഗ്രസിനകത്തെ ദൗർബല്യങ്ങളാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിച്ചത്. മറ്റൊരു കാരണം സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു. എന്നിട്ട് പോലും യു.ഡി.എഫിനുണ്ടായ വിജയം മുന്നണിയുടെ ജനകീയ അടിത്തറയിൽ കുഴപ്പമൊന്നുമുണ്ടായിട്ടില്ല എന്നതിന് തെളിവാണ്.
തിരഞ്ഞെടുപ്പിന് ശേഷം നേതാക്കൾ തമ്മിലുണ്ടായ വാക്‌പോരും പോസ്റ്റർ യുദ്ധവുമൊക്കെ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതല്ലേ?
എല്ലാ കാലത്തും വിജയമുണ്ടാവുമ്പോഴും പരാജയമുണ്ടാവുമ്പോഴും കോൺഗ്രസിൽ ജനാധിപത്യ സംഘടന എന്ന നിലയിൽ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകാറുണ്ട്. അത് പരിധി വിടാറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ച് ദിവസത്തേക്ക് മാത്രമാണ് ഈ പ്രസ്‌താവനകളൊക്കെ. ഇത്തവണ വിവാദമുണ്ടാക്കുന്ന തരത്തിൽ പ്രസ്‌താവനകൾ വന്നപ്പോൾ തന്നെ എ.ഐ.സി.സി നേതൃത്വം കർശന നിർദ്ദേശം നൽകി. എ.ഐ.സി.സി ഇടപെട്ടപ്പോൾ അതെല്ലാം നിന്നു.
കെ.പി.സി.സി തലത്തിൽ നേതൃമാറ്റം എന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ?
പരാജയത്തിന് കാരണം ഞാൻ നേരത്തെ പറഞ്ഞവയൊക്കെയാണ്. അതിന് പരിഹാരമുണ്ടാക്കാനാണ് നമ്മൾ നോക്കേണ്ടത്. ഏതെങ്കിലും ഒരു വ്യക്തിയോ കുറച്ച് വ്യക്തികളോ ആണ് പരാജയത്തിന് കാരണം എന്ന് പറയാനാകില്ല. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുതൽ ഇങ്ങ് താഴെ മണ്ഡലം പ്രസിഡന്റുമാർ വരെ ഉത്തരവാദികളാണ്. അതേസമയം, ദുർബലമായ കമ്മിറ്റികളോ ദുർബലമായ നേതൃത്വമോ പ്രതീക്ഷിച്ച വിജയം സമ്മാനിക്കാൻ കഴിയാതെ പോയ വ്യക്തികളോ ഉണ്ടെങ്കിൽ അതിന് പരിഹാരമുണ്ടാക്കും.
വെൽഫെയർ പാർട്ടിയുമായുളള ബന്ധം തിരഞ്ഞെടുപ്പിൽ മുന്നണിക്ക് ദോഷം ചെയ്‌തോ?
അതേപ്പറ്റിയൊക്കെ ഒരുപാട് പറഞ്ഞുകഴിഞ്ഞു. ഇനി പറയേണ്ട. ആവശ്യത്തിലധികം വിശദീകരിച്ച് കഴിഞ്ഞു. ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല.
വെൽഫെയർ സഖ്യവുമായി ബന്ധപ്പെട്ട് താങ്കൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത്.
ഈ വിഷയത്തെപ്പറ്റി ഇനിയൊരു ചർച്ചയ്‌ക്ക് ഞാനില്ല. അടഞ്ഞ അദ്ധ്യായമാണ് ഇക്കാര്യമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞിട്ടുണ്ട്. എനിക്കും അതേ നിലപാടാണ്. ഇനി അത്തരമൊരു ചർച്ചയ്‌ക്ക് പ്രസക്തിയില്ല.
യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് താങ്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നേതാക്കൾ എ.ഐ.സി.സിക്ക് പരാതി നൽകിയിട്ടുണ്ടല്ലോ?
എന്റെ അറിവിൽ അതിൽ ഒരു വാസ്‌തവവുമില്ല. ബാക്കി പരാതി കൊടുത്തുവെന്ന് പറയുന്ന ആളുകളോട് ചോദിക്കണം, എനിക്ക് അറിയില്ല. ഞാൻ ആരോടും ഇക്കാര്യം അന്വേഷിച്ചിട്ടില്ല. കൊടുത്തവർ എന്നോട് വന്ന് പറയാനും പോകുന്നില്ലല്ലോ.
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയുളള മുഖം മിനുക്കൽ നടപടി കൊണ്ട് യു.ഡി.എഫിന് തിരിച്ച് വരാൻ കഴിയുമെന്ന വിശ്വാസമുണ്ടോ?
ഏത് രാഷ്ട്രീയ പാർട്ടിക്കും പരാജയം സംഭവിച്ചാൽ ആ പരാജയ കാരണം കണ്ടുപിടിച്ച് അതിനുളള പ്രതിവിധി നടത്തിയാൽ ഗുണമുണ്ടാകും. വോട്ട് നില പരിശോധിക്കുമ്പോൾ യു.ഡി.എഫിന് ശക്തമായ അടിത്തറയുണ്ട്. ചില പോരായ്‌മകൾ കൊണ്ടാണ് പരാജയം സംഭവിച്ചത്. ആ പോരായ്‌മകൾ പരിഹരിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നല്ല വിജയമുണ്ടാകും. മാത്രമല്ല, കേരളത്തിൽ ഒരിക്കലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പാറ്റേണിലല്ല ജനങ്ങൾ പാർലമെന്റിലും നിയമസഭയിലും വോട്ട് ചെയ്യുന്നത്. മുമ്പത്തെ അനുഭവങ്ങളൊക്കെ നമ്മുടെ മുമ്പിലുണ്ടല്ലോ.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അടക്കമുളള കക്ഷികൾ അധികം സീറ്റുകൾ ചോദിക്കുമെന്നാണല്ലോ പറയുന്നത്.
സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ലല്ലോ.
മൂന്ന് സീറ്റ് ആവശ്യപ്പെട്ടെന്ന് പരസ്യമായി തന്നെ സി.പി ജോൺ പറഞ്ഞിട്ടുണ്ട്
സീറ്റ് ചർച്ച നടത്തുന്നത് മാദ്ധ്യമങ്ങളാണ്. ഞങ്ങൾ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല. ആരംഭിച്ചാൽ അല്ലേ പറയാൻ പറ്റൂ.
തിരഞ്ഞെടുപ്പിന് ശേഷം ഭക്ഷ്യ കിറ്റ് കൊടുക്കുന്നത് സംസ്ഥാന സർക്കാർ നാല് മാസത്തേക്ക് നീട്ടി. സാമൂഹ്യ ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചതും രണ്ടാംഘട്ട നൂറ് ദിന കർമ്മപരിപാടിയുമൊക്കെയായി വികസന പദ്ധതികളുമായി എൽ.ഡി.എഫ് മുന്നോട്ട് പോവുകയാണ്. കിറ്റ് രാഷ്ട്രീയം യു.ഡി.എഫിന് ദോഷം ചെയ്യില്ലേ?
കിറ്റ് കണ്ടൊന്നുമല്ല ആളുകൾ വോട്ട് ചെയ്യുന്നത്. രാഷ്ട്രീയം നോക്കിയാണ് നിയമസഭയിൽ ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യക്തി ബന്ധങ്ങളും സർക്കാർ ആനുകൂല്യങ്ങളുമൊക്കെ വോട്ടായി മാറും. കിറ്റൊക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വാധീനിക്കും. ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ടാണ് ജനങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നത്. കിറ്റുകൾ കൊണ്ടൊന്നും അഴിമതിയെ പ്രതിരോധിക്കാൻ കഴിയില്ല.
യു.ഡി.എഎഫ് കൺവീനർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമോ?
അതെല്ലാം പാർട്ടിയല്ലേ തീരുമാനിക്കേണ്ടത്. ഏത് സ്ഥാനം വഹിക്കുന്ന ആളായാലും തിരഞ്ഞെടുപ്പിൽ നിൽക്കണമോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.