modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് പുതുവർഷാശംസ നേർന്നു. 'എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു. നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഈ വർഷം ഏവർക്കും ലഭിക്കട്ടെ. ക്ഷേമവും പ്രത്യാശയും ഉണ്ടാകട്ടെ.' പ്രധാനമന്ത്രി ട്വി‌റ്ററിൽ കുറിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കായി പുതിയ ഊർജ്ജത്തോടെ ജനങ്ങൾ നീങ്ങാനിടയാകട്ടെ എന്ന് പുതുവർഷ സന്ദേശത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ആശംസിച്ചു. കൊവിഡ് കാലത്തെ വെല്ലുവിളികൾ ദൃഢനിശ്ചയത്തോടെ വീണ്ടും മുന്നോട്ട് പോകാൻ ശക്തി നൽകിയെന്നും രാഷ്‌ട്രപതി ട്വീ‌റ്റുകളിൽ കുറിച്ചു. ഏവരും സുരക്ഷിതരും ആരോഗ്യവാന്മാരുമായി തുടരട്ടെയെന്നും പുതുവർ‌ഷ സന്ദേശത്തിൽ പറയുന്നു.

പലവിധ ജീവിത പാഠങ്ങൾ പഠിപ്പിച്ച വർഷമാണ് കടന്നുപോകുന്നതെന്നും പ്രത്യാശയോടെ നല്ലൊരു വർഷത്തെ സ്വാഗതം ചെയ്യാമെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചു.

കൊവിഡ് പോരാളികൾക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ പുതുവർഷ ആശംസ. ഡോക്‌ടർമാർ, പൊലീസ്, നഴ്‌സ്, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് കൈകൂപ്പുന്നതായും കെജിരിവാൾ പറഞ്ഞു.