short-film-

പാമ്പിൻ വിഷം ശേഖരിക്കുന്നതും കടത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്. അത്തരത്തിൽ പാമ്പിൻ വിഷം ശേഖരിക്കുന്ന ഒരാളുടെ സഹായിയായി വിനോദ് എന്ന യുവാവ് ചേരുന്നു. വീട്ടിൽ വച്ച് വിഷം ശേഖരിക്കുന്നതിനിടെ വിനോദിന്റെ കൈയിലെ തൊലി ഇളകുന്നു. ഇതോടെ അയാൾ ഭയചകിതനാകുന്നു. പാമ്പിൻ വിഷം മുറിവിൽ കലർന്നോ എന്ന ആധിയും പേടിയും അയാളെ അസ്വസ്ഥനാക്കുന്നു. പിന്നീടുള്ള എട്ട് മണിക്കൂർ വിനോദിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റവിൽ പ്രദർശിപ്പിച്ച സമശീതോഷ്ണാവസ്ഥ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകൻ റോബിൻ അലക്‌സ് പറയുന്നത്.

ലോകത്ത് ഉള്ളതിൽ വച്ചേറ്റവും കൊടിയ വിഷങ്ങളിലൊന്നാണ് പാമ്പിൻ വിഷം. അത്തരമൊരു വിഷം ശരീരത്തിൽ പ്രവേശിച്ചാലുള്ള സ്ഥിതി പറയുകയും വേണ്ട. ഭയചകിതനായി പോകുന്ന വിനോദ് പിന്നീട് പ്രവർത്തിക്കുന്നത് യാന്ത്രികമയാണ്. ഏത് നിമിഷവും താൻ മരിക്കാമെന്ന തോന്നൽ അയാളെ മാനസികമായും ശാരീരികമായും തളർത്തുന്നു. ബസ് യാത്രയ്ക്കിടെയും സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴും തനിക്ക് എന്തെങ്കിലും സംഭവിക്കുമോയെന്നും ഈ രാത്രി ഇരുട്ടി വെളിപ്പിക്കില്ലെന്നും അയാൾ ആശങ്കപ്പെടുന്നു. വീട്ടിലെത്തി ഭാര്യയോട് സംസാരിച്ചിട്ടും വിനോദിന് സമാധാനപ്പെടാനാകുന്നില്ല.

ഇത്തരമൊരു അവസ്ഥയിൽ ഏതൊരു മനുഷ്യനും കടന്നുപോകാവുന്ന മാനസികാവസ്ഥയെയാണ് വിനോദിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നത്. ആദ്യവസാനം സസ്‌പെൻസ് നിലനിറുത്തിയുള്ള സഞ്ചാരമാണ് സിനിമയുടെ ഹൈലൈറ്റ്. അടുത്ത ദിവസം രാവിലെ വിനോദിന്റെ ഭാര്യ ഉണർന്നെഴുന്നേൽക്കുമ്പോൾ എന്ത് സംഭവിക്കും എന്നത് പോലും പ്രേക്ഷകനെ വേട്ടയാടിക്കൊണ്ടിരിക്കും. ശങ്കർലാൽ,​ അമ്പൂട്ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.