rajanikanth

മലയാള സിനിമയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും മാറ്റി നിറുത്താൻ കഴിയാത്ത വ്യക്തിയാണ് ചാർലി ജോൺ പുത്തൂരാൻ. ജോൺ എബ്രഹാമിന്റെ വിഖ്യാതമായ അഗ്രഹാരത്തിലെ കഴുതകൾ, ഉൾക്കടൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം. സാക്ഷാൽ രജനികാന്തിനോട് പോലും നോ എന്ന് പറയേണ്ടി വന്ന അനുഭവം ചാർലിക്കുണ്ട്. രജനി സിനിമയിൽ എത്തുന്നതിന് മുമ്പുള്ള ആ സംഭവം ചാർലിയുടെ വാക്കുകളിൽ

'പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ വച്ച് ഒരു സിനിമ എടുക്കുന്നതിനെ കുറച്ച് ജോൺ പറയുമായിരുന്നു. പിന്നീട് 1973ൽ ജോണും വെങ്കിട സ്വാമിനാഥനെന്ന് പേരുള്ള ഒരു സിബിഐ ഓഫീസറും എന്റെ വീട്ടിൽ വന്നു. അഗ്രഹാരത്തിൽ കഴുത എന്ന പേരിലുള്ള സിനിമ എടുക്കാനാണ് വരവ്. സ്വാമിനാഥന്റെതാണ് സ്ക്രിപ്‌ട്. അങ്ങനെ പലയിടത്തു നിന്നും ഫൈനാൻസ് എടുത്ത് 3.60 ലക്ഷത്തിനാണ് അന്നത്തെ കാലത്ത് സിനിമ തീർത്തത്. എംബി ശ്രീനിവാസനായിരുന്നു ചിത്രത്തിലെ നായകൻ. അതുമാത്രമല്ല, ഒരു സെക്കന്റ് ഹീറോയുമുണ്ടായിരുന്നു. അതിലേക്കായി ജോൺ എബ്രഹാമിന്റെ സുഹൃത്ത് നടത്തുന്ന സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ ആക്‌ടിംഗ് സ്കൂളിലെത്തി. അവിടെ നിന്നും ഏറ്റവും ടാലന്റുള്ള രണ്ടുപേരെ കണ്ടെത്തി. അതിൽ ഒരാളെയാണ് തിരഞ്ഞെടുക്കേണ്ടത്. ജോണിന്റെ ആവശ്യപ്രകാരം അവർ എന്തോ ആക്ഷൻ കാണിച്ചു. എന്നാൽ അദ്ദേഹത്തിന് അത് ഇഷ്‌ടമായില്ല. യുവാക്കളുടെ മുഖത്തു നോക്കി തന്നെ ജോൺ അത് പറഞ്ഞു. അതിൽ ഒരാൾ പിന്നീട് മലയാള സിനിമാ നടനായി മാറിയ ജോസ് ആയിരുന്നു. മറ്റേയാൾ സൂപ്പർ സ്‌റ്റാർ രജനികാന്തും'.