കടിഞ്ഞൂൽ പ്രസവം കഴിഞ്ഞ അമ്മമാർക്ക് മുലയൂട്ടുമ്പോൾ കുട്ടിയെ എങ്ങനെ പിടിക്കണമെന്നറിയില്ല. അമ്മ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ രണ്ടു കൈകൊണ്ടും ചുറ്റിപ്പൊതിഞ്ഞ് മുലക്കണ്ണിന് നേരെ കുഞ്ഞിന്റെ വായ് വരത്തക്ക ഉയരത്തിൽ വിലങ്ങനെ മാറോടണച്ചു പിടിക്കണം. കുഞ്ഞിന്റെ തലയുടെ പിൻഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടയിൽ താങ്ങിയിരിക്കണം. കുഞ്ഞിനെ അമ്മ മാറോടണച്ചു പിടിച്ച് പാലൂട്ടുണമെന്ന് പറഞ്ഞല്ലോ. ആദ്യത്തെ ഏതാനും മിനിട്ടുനേരം കുഞ്ഞ് ശക്തിയായി പാൽ വലിച്ചു കുടിക്കും. ഇതോടെ മാറിലേക്ക് കൂടുതൽ പാൽ ഊറിയിറങ്ങും. തുടർന്ന് കുഞ്ഞ് സാവകാശമായി വലിച്ചു കുടിക്കും. ഒരു മുലയിലെ പാൽ കുടിച്ചുതീരുമ്പോൾ മാത്രമേ അടുത്ത മുലയിൽ നിന്ന് കുടിപ്പിക്കാവൂ. മുലക്കണ്ണുകൾ മുലയൂട്ടുന്നതിന് മുമ്പും പിമ്പും കഴുകി വൃത്തിയാക്കണം.ചില അമ്മാരുടെ മുലക്കണ്ണുകൾ ഉൾവലിഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ കഴിയാതെ വരും. ഇക്കൂട്ടർ മുലക്കണ്ണ് ശക്തിയായി പുറത്തേക്ക് വലിച്ചുനീട്ടിയിട്ട് വേണം കുഞ്ഞിന് പാൽ കൊടുക്കാൻ. മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും മുഴുവനായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ കടത്തി മേൽപ്പറഞ്ഞ രീതിയിൽ പാൽ കുടിപ്പിക്കണം.