വീടിനും ഓഫീസ് ജോലികൾക്കുമിടയിൽ ഓടിത്തളരുന്നവരാണ് പുതിയ കാലത്തെ സ്ത്രീകൾ. വ്യായാമമില്ലായ്മയും അശാസ്ത്രീയമായ ഭക്ഷണരീതികളും കൂടിയാകുമ്പോൾ ശരീരം പണിമുടക്കുന്നത് സ്വാഭാവികം. എന്നാൽ ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ ചില വഴികളുണ്ട്. ഈ മാന്ത്രിക ഭക്ഷണങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തി നോക്കൂ. മാറ്റം അനുഭവിച്ചറിയാം. അരി, ഗോതമ്പ്, റാഗി, ബാർളി തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് തന്നെയാണ് ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്നത് ആദ്യ ഘടകം. പക്ഷേ, തവിട് കളയാതെ ഉപയോഗിക്കണം എന്ന് മാത്രം. തവിട് കളയാത്ത ധാന്യങ്ങൾ വിറ്റമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ്. മാത്രമല്ല സാവധാനത്തിലേ ദഹിക്കുകയുമുള്ളൂ,. ഇത് കൂടുതൽ സമയം വിശക്കാതിരിക്കാൻ സഹായിക്കും. ക്ഷീണത്തെ പമ്പ കടത്താനുള്ള എളുപ്പവഴിയാണ് പ്രോട്ടീനിന്റെ കലവറയായ മുട്ട. പേശികൾക്ക് ബലം നൽകാനും തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കാനും മുട്ടയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ, വിറ്റമിൻ ബി 12 എന്നിവ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.