അതിശക്തനും പരാക്രമശാലിയുമായ രാവണൻ സഹോദരനായുണ്ടായിട്ടും തനിക്ക് ഈ അവസ്ഥ വന്നതിൽ ദുഃഖവും അമർഷവും അഭിനയിച്ചുകൊണ്ട് കോപാകുലമായ സ്വരത്തിൽ ഇപ്രകാരം പുലമ്പി. ഇവിടെ കൊട്ടാരത്തിൽ എല്ലാസുഖങ്ങളും അനുഭവിച്ച് മദിച്ച് വാഴുകയാണല്ലോ. എനിക്കുണ്ടായ ദുരവസ്ഥ വല്ലതും അങ്ങ് അറിയുന്നുണ്ടോ? നമ്മുടെ വംശത്തിനാകെ വൻ ഭീഷണിയാണ് വന്നുഭവിച്ചിരിക്കുന്നത്. കേവലസുഖങ്ങളിൽ ഭ്രമിച്ചും രമിച്ചും കഴിയുന്ന രാജാവിനെ ആരും മാനിക്കുകയില്ല. ശ്‌മശാനത്തിലെ അഗ്നിയെ ആര് കൈവണങ്ങും? ചെയ്യേണ്ട കാര്യങ്ങൾ യഥാസമയം ചെയ്യുന്നവരാണ് ഉത്തമരാജാവ്. അത് നിർവ്വഹിക്കാതിരുന്നാൽ രാജ്യമാകെ നശിക്കും. രാജാവിന് നാട്ടിൽ നടക്കുന്നതെല്ലാം കാണാനുള്ള ചാരക്കണ്ണും വേണം. അതില്ലാതിരുന്നാൽ രാജാവിന്റെ സ്വാധീനം ക്ഷയിക്കും. ചേറു നിറഞ്ഞ ആറ്റിന്റെ കരകളെ ആനകൾ ഉപേക്ഷിക്കുന്നു. അതുപോലെ അടിതെറ്റിവീഴാവുന്ന രാജാവിനെ പ്രജകൾ ഉപേക്ഷിക്കും. കടലിൻ നടുവിലെ പർവ്വതം കൊണ്ട് എന്തുപ്രയോജനം. അതുപോലെയാണ് പ്രജകളെയും രാജ്യത്തെയും രക്ഷിക്കാത്ത ഭരണാധികാരിയും. അവനെ ഐശ്വര്യങ്ങൾ പുൽകുകയില്ല.
ദേവന്മാരോട് കലഹിച്ചും ചാരന്മാരില്ലാതെയും സുഖങ്ങളിൽ മാത്രം കണ്ണ് നട്ട് കഴിയുന്ന രാജാവ് ആസ്ഥാനത്തിന് എങ്ങനെ അർഹനാകും. ബുദ്ധി വികസിക്കാത്ത ബാലനെപ്പോലെയാണ് ബുദ്ധിശൂന്യനായ രാജാവ്. രാജപദവി അങ്ങനെയുള്ളവർക്ക് അനുയോജ്യമല്ല. ഒരു രാജാവിന് ഏറ്റവും അത്യാവശ്യം ചാരൻ,നയം,ധനം എന്നിവയാണ്. അതൊന്നുമില്ലാത്ത രാജാവും പ്രജയും തമ്മിൽ എന്തു വ്യത്യാസമാണ്? രാജ്യത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങൾ അതേപോലെ യഥാസമയം അറിയുന്നവനായിരിക്കണം ഉത്തമരാജാവ്. നല്ല രാജാവ് ചാരക്കണ്ണുള്ളവനായിരിക്കണം.
സുഖലോലന്മാരായ കുറേ മന്ത്രിമാരുമായി കൊട്ടാരത്തിൽ സുഖിച്ചുകഴിയുകയാണ്. അങ്ങയുടെ രാജ്യത്ത് നടക്കുന്നതൊന്നും അറിയുന്നതേയില്ല. ശക്തിമാന്മാരായ ഖരദൂഷണ ത്രിശിരസുകളെ പതിനാലായിരം രാക്ഷസന്മാരുമായി നിഗ്രഹിച്ചവനാണ് രാമൻ. അതും ഒറ്റയ്ക്ക്. ദണ്ഡകാരണ്യത്തിൽ നമുക്ക് സുഖമായിരുന്നു മുമ്പ്. ഒരു ഭീഷണിയും ഉയർന്നിരുന്നില്ല. അതെല്ലാം അസ്തമിച്ചിരിക്കുന്നു. രാമൻ ജനസ്ഥാനം കീഴടക്കികഴിഞ്ഞു. മഹർഷിമാർക്ക് അഭയം സിദ്ധിച്ചിരിക്കുന്നു. സ്വന്തം നാടിനു നേരെ ആപത്തുകളൊന്നും അങ്ങ് അറിയുന്നില്ല. വേണ്ട സമയത്ത് ദാനം ചെയ്യാത്തവനും ദുരഭിമാനിയും പിശുക്കനും കർമ്മങ്ങൾ പിഴയ്ക്കുന്നവനുമായ രാജാവിനെ ആപൽഘട്ടത്തിൽ ആരും സഹായിക്കാനുണ്ടാവില്ല. അഹങ്കാരിയും മുൻകോപിയുമായ രാജാവിനെ പ്രജകൾ തള്ളിപ്പറയുകയും ചെയ്യും.
പ്രജകളുടെ ഹിതം മാനിക്കാതെ ആപത്ഘട്ടത്തിലും ഒന്നും കാണാതെ ഭയരഹിതനായി ഇരിക്കുന്ന രാജാവിന് രാജ്യം തന്നെ നഷ്ടമാകും. അങ്ങനെ സംഭവിച്ചാൽ തൂണിന്റെ വിലയേ രാജാവിന് കല്പിക്കുകയുള്ളൂ. ഉണങ്ങിയ മൺകട്ടയേയും പൂഴിമണ്ണിനെയും ജനങ്ങൾ സ്വീകരിച്ചേക്കും. അതേ സമയം രാജ്യം നഷ്ടമായ രാജാവിനെ ആർക്കുവേണം. ആരും തിരിഞ്ഞുനോക്കില്ല. കേവലം വിഴുപ്പ് വസ്ത്രം പോലെയാണ് ആ അവസ്ഥ. വാടിയപൂമാല പോലെയാണ്. എത്ര സമർത്ഥനായാലും സ്ഥാനഭ്രഷ്ടനായ രാജാവിന് ഒരു വിലയുമില്ലെന്ന് ഓർക്കണം.
ഇന്ദ്രിയങ്ങൾക്ക് കീഴടങ്ങി സുഖങ്ങൾക്ക് പിന്നാലെ പായാതെ എല്ലാം യഥാസമയം കണ്ടും കേട്ടും അറിഞ്ഞ് ധർമ്മതല്പരനായി അഹങ്കാരരഹിതനായി വാഴുന്ന രാജാവിന്റെ കീർത്തി എല്ലായിടത്തും പരക്കും. നിദ്രയിലും രാജാവിന്റെ മനക്കണ്ണ് തുറന്നിരിക്കണം. കോപവും സന്തോഷവും പ്രകടിപ്പിക്കണം. അങ്ങനെയുള്ള രാജാവിനെ പ്രജകൾക്ക് പ്രിയങ്കരൻ. പ്രത്യക്ഷദൈവം പോലെ അവരെ ആരാധിക്കും. ഇത്തരം ഗുണങ്ങളൊന്നും അങ്ങയ്ക്കില്ല. രാക്ഷസന്മാരെ രാമൻ നിഗ്രഹിച്ചതൊന്നും അങ്ങ് അറിഞ്ഞിട്ടില്ല. അസുരവംശത്തിന് സംഭവിച്ച അപമാനം അറിഞ്ഞിട്ടുമില്ല. ഈ അവസ്ഥയിലും ഒന്നുമറിയാതെ വിഷയസുഖലോലുപനായികഴിയുന്ന അങ്ങയ്‌ക്ക് നാടും അധികാരവും കീർത്തിയും നഷ്ടമാകും. തന്റെ ദോഷവശങ്ങളെ സഹോദരി പരസ്യമായി വിളിച്ചുപറഞ്ഞതിൽ രാവണന് കോപവും അപമാനവും തോന്നിയെങ്കിലും എന്തു ചെയ്യണമെന്നറിയാതെ അല്പസമയം രാവണൻ ചിന്താക്ലേശനായി കണ്ണടച്ചിരുന്നു.
(ഫോൺ: 9946108220)