market-

ഭോപ്പാൽ : കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് കർഷകർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ നിയമം ഇതിനോടകം നടപ്പിലാക്കിയിട്ടുമുണ്ട്. ഇവിടെ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രാകാരം സമ്മിശ്രമായ ഫലങ്ങളാണ് കർഷകർക്ക് ഈ നിയമം നേടിക്കൊടുത്തിട്ടുള്ളത്. കർഷകരെ കബളിപ്പിച്ച് വിളവുകൾ കൊണ്ടുപോകാൻ ഒരു സംഘം വ്യാപാരികളും ഇടനിലക്കാരും ശ്രമിക്കുന്നതും, കബളിപ്പിക്കപ്പെട്ട കർഷകർ പൊലീസിൽ നൽകിയ പരാതിയിൽ ഞൊടിയിടയിൽ ഫലം കാണുന്നതുമായി റിപ്പോർട്ടുകളാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്.

മദ്ധ്യപ്രദേശിലെ പത്തോളം ജില്ലകളിൽ മണ്ഡിക്ക് പുറത്തുള്ള വ്യാപാരികൾക്ക് കാർഷിക വിഭവങ്ങൾ വിറ്റ കർഷകർ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. എന്നാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുമുണ്ട്. 22 കർഷകരിൽ നിന്ന് 1.73 കോടി രൂപയുടെ ധാന്യങ്ങൾ 1.73 കോടി രൂപയ്ക്ക് വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ സുരേഷ് ഖോജ, പവൻ ഖോജ എന്നീ രണ്ട് വ്യാപാരികളെ അറസ്റ്റ് ചെയ്തതായും സർക്കാർ അറിയിച്ചു.

കാർഷിക നിയമത്തിൽ കർഷകർക്ക് അവരുടെ വിഭവങ്ങൾ ആർക്ക് വേണമെങ്കിലും വിൽക്കാൻ അനുമതി നൽകുന്നുണ്ട്, ഇതിനൊപ്പം കബളിപ്പിക്കുന്നവരെ തുറങ്കിലടയ്ക്കാനുള്ള ശക്തമായ നിയമ സഹായവും ഉറപ്പ് നൽകുന്നുണ്ട്. സമയത്ത് പണം നൽകാതെ കർഷകരെ കബളിപ്പിച്ചാൽ വ്യാപാരികളെ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 420, 34 വകുപ്പുകൾ പ്രകാരം കേസെടുത്ത് കേസിൽ പ്രതിയാക്കും.

ഇത്തരത്തിൽ ഹോഷംഗാബാദ് ജില്ലയിലെ നന്ദർവാഡ ഗ്രാമത്തിലെ 70 ലധികം കർഷകരിൽ നിന്നും 85 ലക്ഷം രൂപ വിലമതിക്കുന്ന നെല്ല് വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ വ്യാപാരി ആദിത്യ രാജിനെ പരാതി ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനകം പിടികൂടിയതായി ഹോഷംഗാബാദിലെ പോലീസ് സൂപ്രണ്ട് പറയുന്നു.

അതേസമയം പുതിയ നിയമം വന്ന ശേഷം കർഷകർ വ്യാപകമായി കബളിപ്പിക്കലിന് ഇരയാകുന്നു എന്നാണ് മധ്യപ്രദേശിലെ മണ്ഡി ബോർഡ് എംപ്ലോയീസ് ആൻഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആംഗിര പാണ്ഡെ അഭിപ്രായപ്പെടുന്നത്. മണ്ഡി മുഖേന രജിസ്റ്റർ ചെയ്ത വ്യാപാരികൾ മാത്രമാണ് കാർഷികോത്പന്നങ്ങൾ വാങ്ങുന്നത്. എന്നാൽ കൂടുതൽ പണം ഓഫർ നൽകി വ്യാപാരികൾ കർഷകരെ പറ്റിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കബളിപ്പിക്കപ്പെട്ടാൽ കർഷകർ ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ (എസ് ഡി എം) സമീപിക്കേണ്ടതുണ്ട്, കൃഷി ഉപാജ് മണ്ഡി നിയമപ്രകാരം ലഭിക്കുന്നത്ര വേഗത്തിൽ ആശ്വാസം ലഭിക്കാനിടയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.