ന്യൂഡൽഹി: പുതുവർഷം ഷിംലയിൽ പോയി അടിച്ചുപൊളിക്കാൻ പണത്തിനായി വ്യാജ മോഷണകഥ പ്രചരിപ്പിച്ച പാൽക്കാരനായ യുവാവും സുഹൃത്തും പിടിയിൽ. ജാമിയ നഗർ സ്വദേശിയായ പാൽക്കാരൻ ഫായിസ് അഹമ്മദ് സിദ്ദിഖി(22), മുഹമ്മദ് സാദിക്(21) എന്നിവരാണ് പിടിയിലായത്. നാലുപേർ ചേർന്ന് തന്നെ കത്തി കാട്ടി ഒരു ലക്ഷം രൂപ തട്ടിയെടുത്തു എന്ന് സിദ്ദിഖി പൊലീസിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇവിടെ സിദ്ദിഖിയും സഹോദരൻ ഗുൽസാറുമാണ് ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പൊലീസിനോട് താൻ പാൽ വിതരണം നടത്തുന്നതിനിടെ ബൈക്കിലെത്തിയ നാലുപേർ കത്തികാട്ടി ഒരുലക്ഷം രൂപ തട്ടിയെടുത്തു എന്ന് സിദ്ദിഖി പരാതിപ്പെട്ടു.
പരാതിയിൽ സംശയം തോന്നിയ പൊലീസ് സിദ്ദിഖിയെയും ഗുൽസാറിനെയും പ്രത്യേകം ചോദ്യംചെയ്‌തു. ഇരുവരും പരസ്‌പര വിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയത്. തുടർന്ന് ഗുൽസാറിന്റെ മൊഴിയിൽ സിദ്ദിഖി ഒരാളെ നിരന്തരം ഫോൺ വിളിച്ചിരുന്നു എന്ന് മനസിലാക്കി. ഇത് സാദികിനെയാണെന്ന് മനസിലാക്കിയ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്. പുതുവർഷം ആഘോഷിക്കാൻ ഷിംലയിലേക്ക് പോകണമെന്ന് ഫായിസ് അഹമ്മദ് സിദ്ദിഖിയ്‌ക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ അതിനുളള പണം ഉണ്ടായിരുന്നില്ല. വ്യാജ മോഷണകഥ വഴി ലഭിക്കുന്ന പണം സാദികിന് നൽകി ഇരുവർക്കും ഷിംലയിലേക്ക് പോകാനായിരുന്നു പദ്ധതി. സാദികിനെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത പൊലീസ് ഇങ്ങനെ സമ്പാദിച്ച 65,000 രൂപയും പിടിച്ചെടുത്തു.