കിൻഷാസ : ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ സമാധാന പ്രവർത്തനങ്ങൾക്കായി യു എൻ രക്ഷാസേനയിൽ പ്രവർത്തിക്കുന്ന പാക് സൈനികർ മറ്റുമതസ്ഥരെ ഇസ്ലാം മതത്തിലേക്ക് മാറാൻ നിരന്തരം പ്രേരിപ്പിക്കുന്നതായി ആരോപണം. പാകിസ്ഥാൻ ആർമി കേണൽ സാകിബ് മുഷ്താഖി നേരിട്ട് കോംഗോയിലെ യുഎൻ മിഷൻ ജീവനക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായിട്ടാണ് വിവരം. ആക്ഷേപം ഉയർന്നതിനെ തുടർന്ന് സമഗ്ര അന്വേഷണത്തിന് യു എൻ ഉത്തരവിട്ടു.
ഇസ്ലാം മത അനുകൂലികൾ ന്യൂനപക്ഷമായ രാജ്യമാണ് മദ്ധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ഇവിടെ ആഭ്യന്തര സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യു എൻ സേന സേവനം അനുഷ്ഠിക്കുന്നത്. 1999 മുതൽ സേനയുടെ ഭാഗമായ പാകിസ്ഥാൻ സൈനികർ വടക്കൻ കിവു, ഇറ്റൂരി മേഖലകളിൽ പ്രാർത്ഥനയ്ക്കായി നിരവധി ആരാധനാലയങ്ങളാണ് പണിതുയർത്തിയത്.
അതേസമയം കിഴക്കൻ കോംഗോയിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പാക് സൈനികർ പൗരൻമാരെ ഉപദ്രവിക്കുന്നതിനും മടികാട്ടാറില്ല. 2012 ൽ 14 വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. പ്രതിഷേധമുയർന്നപ്പോൾ ഇവരെ സൈന്യത്തിൽ നിന്ന് പുറത്താക്കുകയും ഒരു വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.