ants

ഭുവനേശ്വർ: കൊവിഡ് രോഗത്തെ തുരത്തുന്നതിന് ചോണനുറുമ്പ് ചട്ണി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ)​,​ ആയുഷ് മന്ത്രാലയ ഡയറക്‌ടർ ജനറൽ എന്നിവരോട് ഒഡീഷ ഹൈക്കോടതിയുടെ നിർദ്ദേശം. ചുമ,​ ജലദോഷം,​ പനി,​ ശ്വാസതടസം,​ ക്ഷീണം ഇവ മാ‌റ്റാൻ ചോണനുറുമ്പ് ചട്ണി നല്ലതാണെന്ന് എൻജിനീയറും ഗവേഷകനുമായ നയാധാർ പാദിയാൽ അവകാശപ്പെട്ടിരുന്നു. ഈ ആവശ്യവുമായി ഒരു പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ അദ്ദേഹം നൽകി. ഈ കാര്യത്തിൽ പഠിച്ച് അഭിപ്രായമറിയിക്കാനാണ് കോടതി ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.

രാജ്യത്തെ മിക്ക ആദിവാസി ഗോത്രവിഭാഗങ്ങളും ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടാകാം അവർക്കിടയിൽ കൊവിഡ് രോഗം ശക്തമല്ലാത്തതെന്നുമാണ് പാദിയാൽ ഹർജിയിൽ പറയുന്നത്. മാത്രമല്ല ചോണനുറുമ്പ് ചട്ണിയിലെ ഗുണഗണങ്ങളും ഹർജിയിൽ പാദിയാൽ പറയുന്നുണ്ട്. ചട്ണി പ്രതിരോധ ശേഷി വർദ്ധിക്കാൻ ഇടയാക്കും.

ഫോർമിക് ആസിഡ്.പ്രോട്ടീൻ,​ കാൽസ്യം,​സിങ്ക്,​വൈ‌റ്റമിൻ ബി12,​അയൺ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടെന്നുമാണ് പാദിയാലിന്റെ വാദം. 2020 ജൂൺ മാസത്തിലാണ് നയാധാർ പാദിയാൽ ഹർജി നൽകിയത്. നിലവിൽ ചിക്കൻ പോക്‌സ് ഉൾപ്പടെ രോഗങ്ങൾക്കും ആദിവാസികൾ ഉറുമ്പ് ചട്ണി ഉപയോഗിക്കുന്നുണ്ട്. ചോണനുറുമ്പിനൊപ്പം പച്ചമുളകും ഉപ്പും ചേർത്താണ് ചട്ണിയുണ്ടാക്കുന്നത്.