കണ്ണൂർ: പുതുവർഷ ആഘോഷം കൊഴുപ്പിക്കാൻ മയക്കുമരുന്ന് പാർട്ടി നടത്തിയതിന് യുവതിയടക്കം ഏഴുപേർ പിടിയിലായി. ജില്ലയിലെ ധർമ്മശാല ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ പാർട്ടിക്കായി എത്തിച്ച എൽ.എസ്.ഡി,ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവയും എക്‌സൈസ് പിടിച്ചെടുത്തു.
തളിപ്പറമ്പ് കരിമ്പത്തെ കെ.കെ ഷമീറലി (28), നരിക്കോട്ട് പി.സി തയ്യിബ് (28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചമ്പള്ളയിലെ മുഹമ്മദ് ശിഹാബ് (22), കാസർകോട് മംഗൾപാടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി കെ. ഷഹബാസ് (24), പാലക്കാട് സ്വദേശിനി എം. ഉമ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചത്. 50 ഗ്രാം എം.ഡി.എം.എ, 40,000 രൂപയുടെ എൽ.എസ്.ഡി സ്‌റ്റാമ്പുകൾ, 5000 രൂപയുടെ ഹാഷിഷ് ഓയിൽ എന്നിവയാണത്. ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്നുകൾ എത്തുന്നതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.
ഹോട്ടലിൽ സ്‌പായിൽ ജോലി നോക്കുന്ന ഉമ പിടിയിലായ ഷഹബാസിന്റെ കാമുകിയാണെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. എന്നാൽ തങ്ങൾക്ക് പാർട്ടി നടക്കുന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയതെന്ന് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ എം.ദിലീപ് പറഞ്ഞു.