babitha

തൃശ്ശൂർ: വെള്ളറക്കാട് യുവതിയിൽ നിന്ന് എക്‌സൈസ് വകുപ്പ് എംഡിഎംഎ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടിൽ ബാലന്റെ മകൾ ബബിതയെയാണ് പിടികൂടിയത്. ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 150 മില്ലി ഗ്രാം എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നാണ് ബബിതയിൽ നിന്ന് കണ്ടെടുത്തത്.

എംഡിഎംഎ. ലഹരിമരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വയ്‌ക്കുന്നത് പത്തുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. അർദ്ധരാത്രിയിൽ ഗ്രൗണ്ടിനു സമീപത്തെ വീട്ടിൽ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നത് പതിവായിരുന്നു. 20 ഗ്രാം കഞ്ചാവ് കൈവശംവച്ച കേസിൽ ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ സിദ്ധിക്കിന്റെ മകൻ റിഹാസ് (21) എന്നയാളെയും അറസ്‌റ്റുചെയ്‌തു. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വിൽപ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുന്നംകുളം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ആർ. രാമകൃഷ്ണൻ, മിക്കി ജോൺ, കെ.ആർ. അജീഷ്, സുധിൻ, രാജേഷ്, സിജ, രതിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.