love-lands-chinese-loan-a

ഹൈദരാബാദ് : മൊബൈൽ ഫോൺ മുഖേന കാൾസെന്ററിൽ നിന്നും വിളിച്ച് ലോൺ അനുവദിച്ച് പണം തട്ടുന്ന ചൈനീസ് പൗരനെ കഴിഞ്ഞ ദിവസം ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോൺ ആപ്പ് കേസിലെ പ്രധാന പ്രതിയായ യുവാൻ യുവാൻ ലാംബോയ് എന്നയാളാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രാജ്യം വിടാൻ ശ്രമിക്കവേ അറസ്റ്റിലായത്. പൊലീസ് നടത്തിയ മിന്നൽ നീക്കങ്ങളാണ് ഇയാളെ രാജ്യം വിടുന്നതിന് മുൻപ് പിടികൂടാൻ സഹായിച്ചത്. ഇതിന് ഇന്ത്യൻ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥയുമായി ഇയാൾക്കുണ്ടായിരുന്ന പ്രണയ ബന്ധമാണ് പൊലീസിനെ സഹായിച്ചത്.

കൊവിഡ് സാമ്പത്തിക മാന്ദ്യത്തിൽ തൊഴിലും വരുമാനമാർഗവും ഇല്ലാതായതോടെയാണ് ഇത്തരം ലോണുകൾ വ്യാപകമായത്. വ്യക്തികളുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം അതിലേക്ക് വിളിച്ച് പണം ആവശ്യമുണ്ടോ എന്ന് തിരക്കുകയും, കമ്പനി പറയുന്ന ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ കോൺടാക്റ്റിലുള്ള ആളുകളെ വിളിച്ച് സംസാരിക്കുകയും, ലോൺ വാങ്ങിയ ആളെ വ്യക്തിഹത്യ ചെയ്യുകയും ചെയ്യും. ലാംബോയ്ക്ക് ഇന്ത്യയിൽ നാലോളം കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയത്.

കമ്പനിക്കെതിരെയുള്ള പരാതികൾ വ്യാപകമായതോടെ കസ്റ്റമർ കെയർ സെന്ററുകളിൽ പരിശോധന നടത്തുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഇത്തരത്തിൽ ഗുഡ്ഗാവ്, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ കാൾസെന്ററുകളിൽ പരിശോധന നടത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. 21,000 കോടി രൂപയുടെ ഇടപാടുകളാണ് ഈ കമ്പനികൾ ചുരുങ്ങിയ മാസത്തിനിടെ നടത്തിയത്. പരിശോധനയിൽ ചൈനീസ് കമ്പനിയുടെ ഇന്ത്യൻ ഓപ്പറേഷൻസ് ഹെഡ് ലാംബോയാണെന്ന് പോലീസിന് മനസിലായി. എന്നാൽ ഇവിടെയുള്ള ജീവനക്കാർക്ക് ആർക്കും തന്നെ തങ്ങളുടെ ബോസിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇല്ലായിരുന്നു.

ഇതിനിടെ കമ്പനിയിലെ ഒരു സീനിയർ മാനേജരുമായി ലാംബോയ്ക്ക് ബന്ധമുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പോലീസിനോട് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. ഈ ഉദ്യോഗസ്ഥയുടെ ഫോണിൽ നിന്നും ലാംബോയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിമാനത്താവളങ്ങളിലടക്കം ഈ വിവരങ്ങൾ നൽകിയതാണ് രാജ്യം വിടുന്നതിന് തൊട്ട് മുൻപ് ലാംബോയെ പൊലീസിന് പിടികൂടാനായത്. അന്വേഷണത്തിൽ ചൈനീസ് കമ്പനി പണം ഇയാളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതിന് പകരം കമ്പനി ജീവനക്കാരുടെ അക്കൗണ്ടിലാണ് അയക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.


മൊബൈലിൽ ആപ് മുഖേനയാണ് ചൈനീസ് കമ്പനി ലോണുകൾ അനുവദിക്കുച്ചിരുന്നത്. വലിയ പലിശയാണ് ഇത്തരം വായ്പകൾക്ക് ഇവർ ഈടാക്കുന്നത്. കടകെണിയിൽ പെട്ട് നിരവധി പേരാണ് തെലങ്കാന പൊലീസിനെ സമീപിച്ചത്. ഇതേ കേസിൽ ആന്ധ്രയിൽ കോൾ സെന്റർ നടത്തിയ കർനൂൾ ജില്ലയിലുള്ള ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത്തിയേഴോളം കേസുകളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ആറുമാസമായി ഇക്കൂട്ടർ നടത്തുന്ന ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കയാണ്. ചൈനീസ് പൗരൻമാരായ കൂടുതൽ പേർ ഇത്തരം ഹൈടെക്ക് പണം കടംകൊടുക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


ഈ മാസം 22ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനൊന്ന് പേരെ പൊലീസ് സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. വായ്പാ ആപ്ലിക്കേഷനുകൾ മുഖേനയുള്ള അപമാനത്തിൽ മനംനൊന്ത് ടെക്കി ഉൾപ്പടെ മൂന്നോളം പേർ ഇതിനകം ആത്മഹത്യ ചെയ്തിരുന്നു. പണം തിരിച്ചടയ്ക്കാത്തവരുടെ വ്യക്തി വിവരങ്ങൾ വച്ച് തട്ടിപ്പുകാരനെന്ന പേരിൽ പ്രസിദ്ധപ്പെടുത്തുന്നതുൾപ്പടെയുള്ള മാർഗങ്ങളാണ് ഇത്തരം കമ്പനികൾ സ്വീകരിക്കുന്നത്.