തിരുവനന്തപുരം: വീണ്ടുമൊരു രാജ്യാന്തര ചലച്ചിത്ര മേള അനന്തപുരിയിലേക്ക് വിരുന്നെത്തുമ്പോൾ സിനിമാപ്രേമികൾ ആവേശത്തിലും സന്തോഷത്തിലുമാണ്. എന്നാൽ, ഇത്തവണത്തെ ചലച്ചിത്ര മേളയ്ക്ക് സവിശേഷതകളേറെയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ നാല് ഘട്ടങ്ങളയാണ് ചലച്ചിത്ര മേള. തിരുവനന്തപുരത്ത് ഫെബ്രു. 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബു. 17- മുതൽ 21വരെയം തലശേരിയിൽ ഫെബുവരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ച് വരെയുമാണ് മേള. അതിനാൽ നിയന്ത്രണങ്ങൾ ഏറെയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടി വരും. സാധാരണ ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ സുരക്ഷ അടക്കമുള്ള പ്രശ്നങ്ങൾ പൊലീസിന് തലവേദന ആകാറില്ല. എന്നാൽ, നിയന്ത്രണങ്ങൾ ഉള്ളതിനാൽ തന്നെ ഇത്തവണ പൊലീസിന് പിടിപ്പത് പണിയുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നത് തന്നെ ഏറെ വെല്ലുവിളി ആയിരിക്കും.
തിയേറ്ററുകൾ ചൊവ്വാഴ്ച തുറക്കും
ഫിലിം ഫെസ്റ്റിവലിന് വേണ്ടി മാത്രമായി തിയേറ്ററുകൾ തുറക്കുന്നത് വിമർശനം ക്ഷണിച്ചു വരുത്തുമെന്നതിനാൽ തന്നെ ചൊവ്വാഴ്ച തിയേറ്രറുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ബാറുകൾ അടക്കമുള്ളവ തുറന്നിട്ടും തിയേറ്രറുകൾ തുറക്കാൻ അനുമതി നൽകാത്ത സർക്കാർ നടപടിയിൽ തിയേറ്റർ ഉടമകൾ അസംതൃപ്തരായിരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഒരു സിനിമ പോലും തിയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദികൾ ചലച്ചിത്ര അക്കാഡമിയുടെ തിയേറ്ററായ കലാഭവൻ, കൈരളി, ശ്രീ, നിള കോംപ്ളക്സ്, ന്യൂ, കൃപ, പദ്മനാഭ, ശ്രീവിശാഖ്, ശ്രീകുമാർ എന്നിവയാണ്.
കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ തന്നെ ഡെലിഗേറ്റുകൾ കൂട്ടം കൂടാനോ ഒന്നിച്ചിരിക്കാനോ അനുവദിക്കില്ല. സിനിമാപ്രേമികളുടെ ഇഷ്ടയിടമായ കൈരളി കോംപ്ളക്സിലെ പടിക്കെട്ട് വസന്തവും ഇത്തവണ അന്യമാകും. ഡെലിഗേറ്റുകളെ കൊണ്ട് സമ്പുഷ്ടമായിരുന്ന മേളയിൽ ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്നതിനാൽ തന്നെ ജനപ്രിയ ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറയുകയും ചെയ്യും. മുൻകാലങ്ങളിൽ ഏഷ്യൻ സിനിമകൾ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശിപ്പിച്ചു വന്നത്. എന്നാലിത്തവണ എണ്ണം പരിമിതപ്പെടുത്തുന്നതോടെ പ്രേക്ഷകർ നിരാശരാകേണ്ടി വരും.
ചെലവ് കുറയുമോ?
എത്ര ചെലവ് ചുരുക്കിയാലും രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മൂന്ന് കോടിയെങ്കിലും ചെലവ് വരും. പ്ളാൻ ഫണ്ടിൽ നിന്നുള്ള തുക കൂടി ഉപയോഗിച്ചാണ് നിലവിൽ മേള നടത്തുന്നത്. ഡെലിഗേറ്റ് ഫീസ് കുറച്ചതോടെ വരുമാനവും കുത്തനേ ഇടിയും. മൂന്ന് കോടിയിൽ രണ്ട് കോടി കണ്ടെത്താൻ മാത്രമേ അക്കാഡമിക്ക് സാധിക്കൂവെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ചലച്ചിത്രമേളയ്ക്കായി അക്കാഡമിയും സാംസ്‌ക്കാരിക വകുപ്പും ചേർന്ന് പണം കണ്ടെത്തേണ്ടി വരും.