ബ്യൂണസ് ഐറീസ്: ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ നാലാമത്തെ ലാറ്റിനമേരിക്കൻ രാജ്യമായി അർജന്റീന. 2020 ഡിസംബർ 30 മുതലാണ് നിയമം നിലവിൽ വന്നത്. വോട്ടെടുപ്പിൽ 117നെതിരെ 131 വോട്ടുകൾക്കാണ് ബില്ല് പാസായത്. 2018 മുതൽ അർജന്റീനയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ശക്തമായി പോരാടുന്ന ഗ്രീൻ വേവ് എന്ന വനിതാ കൂട്ടായ്മയുടെ ദീർഘനാൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഗർഭച്ഛിദ്രം രാജ്യത്ത് നിയമവിധേയമാക്കിയത്. അർജന്റീനയിൽ ബില്ല് പാസായത് മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രീൻ വേവ്.
ഗയാന, ക്യൂബ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിരുന്നു.
രാജ്യത്ത് മുൻപ്, ഗർഭച്ഛിദ്രം ചെയ്യുന്ന സ്ത്രീകൾക്കും, അതിന് പ്രേരിപ്പിക്കുന്നവർക്കും, സഹായിക്കുന്ന ഡോക്ടർമാർ അടക്കമുള്ളവർക്കും പതിനഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ഗർഭിണിയായ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ യാതൊരു വഴിയുമില്ലെന്ന് തെളിഞ്ഞാൽ മാത്രമെ ഗർഭച്ഛിദ്രം നടത്താൻ സാധിച്ചിരുന്നുള്ളൂ. അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.