വാഷിംഗ്ടൺ: ഷഹീൻബാഗ് സമരത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയായ ബിൽക്കിസ് മുത്തശ്ശി തന്റെ വണ്ടർ വുമണാണെന്ന് ഹോളിവുഡ് നായിക ഗൽ ഗഡോട്ട്. ഗഡോട്ട് നായികയായി അഭിനയിക്കുന്ന വണ്ടർ വുമൺ സീരിസിലെ രണ്ടാമത്തെ ചിത്രമായ വണ്ടർ വുമൺ 1984 കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. 2020നോട് വിട പറഞ്ഞു കൊണ്ട് പ്രസിദ്ധരായ പല സ്ത്രീകളുടേയും പെൺകുട്ടികളുടേയും ചിത്രങ്ങൾ കുറിപ്പിനോടൊപ്പം ഗഡോട്ട് പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് ചിത്രമടക്കം ബിൽക്കിസ് മുത്തശ്ശിയെക്കുറിച്ച് പരാമർശിച്ചത്.
രണ്ടായിരത്തി ഇരുപതിനോട് വിടപറയുമ്പോൾ കുറച്ച് ആളുകളോട് എനിക്ക് നന്ദി പറയാനുണ്ട്. എന്റെ പ്രിയപ്പെട്ട അമാനുഷികരായ ഒരു കൂട്ടം സ്ത്രീകളോട്, അവരിൽ ചിലർ എനിക്ക് ഏറ്റവും അടുപ്പമുള്ള എന്റെ സുഹൃത്തുക്കളും കുടുംബവുമാണ്, ചിലർ എന്നെ പ്രചോദിപ്പിക്കുന്നവരാണ്, അവരിൽ ചിലർ എന്നെങ്കിലും നേരിട്ട് പരിചയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നവരാണ്.' പോസ്റ്റിൽ ഗഡോട്ട് കുറിക്കുന്നു. എന്നാൽ, ബിൽക്കിസിന്റെ ചിത്രം പങ്കുവച്ച് നൽകിയ കുറിപ്പിൽ താരം ഒരു തെറ്റ് വരുത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീവിമോചനപ്രവർത്തക എന്നാണ് താരം കുറിച്ചിരുന്നത്. പിന്നീട് ഗഡോട്ട് അത് നീക്കം ചെയ്തു.
ബിൽക്കിസ് മുത്തശ്ശി
പൗരത്വ ബില്ലിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ സമരം ചെയ്താണ് 82 കാരിയായ ബിൽക്കിസ് ബാനു പ്രസിദ്ധയാകുന്നത്. ടൈം മാഗസിന്റെ പട്ടികയിലും ബിൽക്കിസ് മുത്തശ്ശി ഇടം നേടിയിരുന്നു.