തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനാ ഫലത്തിൽ ബിഎംഎസിന് വൻ നേട്ടം. 36 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബിഎംഎസിന് അംഗീകാരം ലഭിച്ചു. ആകെ പോൾ ചെയ്യുന്നതിന്റെ 15 ശതമാനം വോട്ട് നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക.
അതേസമയം സിഐടിയുവിനും ഐഎൻടിയുസിയ്‌ക്ക് കീഴിലുളള ടിഡിഎഫിനും വോട്ട് ശതമാനം കുറഞ്ഞു. മുൻപ് 8.31 ശതമാനം മാത്രം നേടിയിരുന്ന ബിഎംഎസിന് ഇത്തവണ 18 ശതമാനം വോട്ട് ലഭിച്ചു. സി.ഐ.ടി.യുവിന് അംഗീകാരം കിട്ടിയെങ്കിലും ഇത്തവണ 35 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 49 ശതമാനമായിരുന്നു ഇത്. ടിഡിഎഫിന് ഇത്തവണ നാല് ശതമാനം വോട്ട് കുറഞ്ഞു.മുൻപ് 27ശതമാനമായിരുന്നത് 23 ശതമാനമായി കുറഞ്ഞു. മറ്റൊരു ഇടത് സംഘടനയായ സിപിഐയുടെ എഐടിയുസിക്ക് 9.67 ശതമാനം മാത്രമാണ് വോട്ട് ലഭിച്ചത്. റഫറണ്ടത്തിൽ നാലാമതായ സംഘടനയ്‌ക്ക് അംഗീകാരം ലഭിച്ചില്ല.
എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഓഫിസിൽ വച്ചായിരുന്നു വോട്ടെണ്ണൽ. സ്ഥിരം ജീവനക്കാരായ 26,561 പേരാണ് വോട്ട് ചെയ്‌തത്. പോളിംഗ് ശതമാനം 97.73. ആകെ നൂറ് ബൂത്തുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഏറ്റവുമധികം വോട്ടർമാരുളള തിരുവനന്തപുരത്ത് 23 ബൂത്തുകളുണ്ടായിരുന്നു.
ഏഴ് ട്രേഡ് യൂണിയനുകളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 51 ശതമാനം വോട്ട് ലഭിക്കുന്ന സംഘടന സോൾ ബാർഗെയിനിംഗ് ഏജന്റായി പരിഗണിക്കും. സോണുകളുടെ കണക്കിൽ തിരുവനന്തപുരം സോണിൽ 10349ൽ 10147 പേർ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് 7305ൽ 7121 പേർക്കും എറണാകുളത്ത് 9817ൽ 9574 പേരും വോട്ട് ചെയ്‌തു.