വാഷിംഗ്ടൺ: കൊവിഡ് ആശങ്കകൾക്കും വാക്സിനുകൾ നൽകുന്ന പ്രതീക്ഷകൾക്കുമിടയിൽ, ആൾക്കൂട്ടവും ആരവവുമില്ലാതെ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. ഓക്‌ലൻഡ് ഹാർബർ ബ്രിഡ്ജിലെ സ്കൈ ടവറിലെ കൗണ്ട്ഡൗണോട് കൂടി കരിമരുന്ന് പ്രകടനങ്ങളുടെ അകമ്പടിയോടെയാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്രത്. കൊവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ നിയന്ത്രണങ്ങളില്ലാതെയാണ് ന്യൂസിലൻഡിൽ ആഘോഷങ്ങൾ നടന്നത്.ന്യൂസിലൻഡിനു ശേഷം ആസ്‌ട്രേലിയയിലാണ് പുതുവർഷമെത്തിയത്. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും പുതുവർഷം പിറന്നു.
എന്നാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പുതുവർഷാഘോഷത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും വർണാഭമായ ആഘോഷങ്ങളാണ് നടന്നത്. അബുദാബി അൽ വത്ബയിൽ 35 മിനിറ്റ് നീളുന്ന കരിമരുന്ന പ്രയോഗത്തിലൂടെ ഗിന്നസ് വേൾഡ് റേക്കോഡ് ലക്ഷ്യമിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളത് മൂലം 30ൽ പരം ആളുകൾ ഒത്തുകൂടരുതെന്ന നിർദ്ദേശവുമുണ്ടായിരുന്നു.
അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം ഏറ്റവും അവസാനം എത്തിയത്. അമേരിക്കൻ സമോവ എന്ന് അറിയപ്പെടുന്ന ബേക്കർ ദ്വീപിൽ മനുഷ്യവാസമില്ല.