വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഫ്ലോറിഡയിലെ പാം ബീച്ചിലെ സ്വന്തം റിസോർട്ടായ 'മാർ അ ലാഗോയിൽ താമസിക്കാനുള്ള പദ്ധതിയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ട്രംപ് അവിടെ സ്ഥിരതാമസമാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അയൽവാസികൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്.
ഫ്ലോറിഡയിലെ പ്രമുഖർ താമസിക്കുന്ന മേഖലയാണ് പാം ബീച്ച്. 1986 ൽ ട്രംപ് സ്വന്തമാക്കിയ എസ്റ്റേറ്റും ബംഗ്ലാവും 1993 ലാണ് സ്വകാര്യ റിസോർട്ടായി മാറ്റിയത്. സ്വകാര്യ റിസോർട്ടായി മാറ്റുമ്പോൾ അവിടെ സ്ഥിര താമസമുണ്ടാകില്ലെന്ന് അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നെന്നാണ് അയൽവാസികൾ ചൂണ്ടികാണിക്കുന്നത്. പ്രസിഡന്റ് പാം ബീച്ചിൽഎത്തുന്നതിലും അയൽവാസികൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ട്രംപ് എത്തുമ്പോൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.സ്വകാര്യത ഇഷ്ടപ്പെടുന്നവരും സ്വസ്ഥത ആഗ്രഹിക്കുന്നവരുമാണ് പാം ബീച്ചുകാർ. എന്നാൽ, ട്രംപ് അതിന് വിഘാതമാകുമെന്ന് പാം ബീച്ചുകാർ കരുതുന്നത് കൊണ്ടാണ് എതിർപ്പുയർത്തുന്നതെന്നാണ് റിപ്പോർട്ട്.