gst

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകർന്നും സമ്പദ്‌‌വ്യവസ്ഥ ഉണർവിലേക്ക് ശക്തമായി തിരച്ചെത്തുന്നുവെന്ന സൂചന നൽകിയും ഡിസംബറിലെ ജി.എസ്.ടി സമാഹരണം സർവകാല റെക്കാഡ് ഉയരത്തിലെത്തി. 1.15 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം ലഭിച്ചത്. 2019 ഏപ്രിലിൽ കുറിച്ച 1.13 ലക്ഷം കോടി രൂപയെന്ന റെക്കാഡ് പഴങ്കഥയായി.

സാധാരണ ഏപ്രിലിലാണ് ജി.എസ്.ടി സമാഹരണം കൂടുതൽ ഉയരം കുറിക്കാറുള്ളത്. സമ്പദ്‌വർഷത്തെ അവസാനമാസമായ മാ‌ർച്ചിലെ ജി.എസ്.ടിയാണ് ഏപ്രിലിൽ പിരിക്കുന്നത്. വർഷാന്ത്യമായതിനാൽ നികുതി അടവുകൾ കൂടുതലാകുമെന്നതാണ് കാരണം. ഈ പതിവ് തെറ്റിച്ചാണ് 2020 ഡിസംബർ കടന്നുപോയത്. നവംബറിൽ സമാഹരണം 1.04 ലക്ഷം കോടി രൂപയായിരുന്നു.

തുടർച്ചയായ മൂന്നാംമാസമാണ് സമാഹരണം ഒരുലക്ഷം കോടി രൂപ കവിയുന്നത്. ജി.എസ്.ടി നടപ്പായശേഷം മൂന്നുതവണ മാത്രമാണ് പ്രതിമാസ സമാഹരണം 1.10 ലക്ഷം കോടി രൂപ കടന്നിട്ടുള്ളത്. നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസം 10.57 ശതമാനമാണ് സമാഹരണത്തിലെ വർദ്ധന. ഇത്, 21 മാസത്തെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ്. 11.65 ശതമാനമാണ് 2019 ഡിസംബറിനെ അപേക്ഷിച്ച് വളർച്ച. 87 ലക്ഷം ജി.എസ്.ടി.ആർ-3ബി റിട്ടേണുകൾ കഴിഞ്ഞമാസം സമർപ്പിക്കപ്പെട്ടു.

സർവത്ര മുന്നേറ്റം

ജി.എസ്.ടിയിലെ എല്ലാ വിഭാഗങ്ങളും നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ മികച്ച വളർ‌ച്ച നേടി. കണക്ക് ഇങ്ങനെ: (തുക കോടി രൂപയിൽ - ബ്രായ്ക്കറ്റിൽ നവംബറിലെ സമാഹരണം)

കേന്ദ്ര ജി.എസ്.ടി : ₹21,365 (₹19,189)

സംസ്ഥാന ജി.എസ്.ടി : ₹27,804 (₹25,540)

ഐ.ജി.എസ്.ടി : ₹57,426 (₹51,992)

സെസ് : ₹8,579 (₹8,242)

കരകയറ്റം അതിവേഗം

കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്‌വ്യവസ്ഥ സ്തംഭിച്ച ആദ്യ ത്രൈമാസത്തിൽ (2020 ഏപ്രിൽ-ജൂൺ) ജി.എസ്.ടി സമാഹരണ വളർച്ച നെഗറ്റീവ് 41 ശതമാനമായിരുന്നു. സെപ്‌തംപാദത്തിൽ വളർച്ച നെഗറ്റീവ് 8.2 ശതമാനം. ഡിസംബർപാദത്തിൽ ഇത് പോസിറ്റീവ് 7.3 ശതമാനമായി.