covishield

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യം പുറത്തിറങ്ങുക ഓക്സ്ഫോർഡ് സർവ്വകലാശാലയും അസ്‌ട്രാസെനേക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്സിനെന്ന് സൂചന. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാർശ ചെയ്യുകയും ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തതോടെ കൂടിയാണ് അടിയന്തര അടിസ്ഥാനത്തിൽ ഇന്ത്യയിൽ വാക്സിൻ പുറത്തിറങ്ങുമെന്ന് സൂചന ലഭിക്കുന്നത്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് രാജ്യത്ത് കൊവിഷീൽഡ് വാക്സിൻ നിർമിക്കുന്നത്. ഇതോടൊപ്പം ഐസിഎംഇആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിനും അംഗീകാരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയ്ക്കും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെയാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പൂനെവാല വ്യക്തമാക്കി.

അതേസമയം ഫൈസര്‍ ഔഷധ കമ്പനിയുടെ വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തിനായി കാത്തു നില്‍ക്കുകയാണ്. കൊവിഷീൽഡും കൊവാക്സിനും ഫൈസറും ഇന്ന് വിദഗ്ത സമിതിക്ക് മുമ്പാകെ പ്രസന്റേഷൻ നടത്തി.

എന്നാൽ ഫൈസറിന്റെ വാക്സിനുള്ള അനുമതി വൈകിയേക്കും. രണ്ട് വാക്സിനുകൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാൽ വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്നതിനുള്ള മറ്റ് നടപടിക്രമങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിക്കും. നിലവിൽ ആറ് വാക്‌സിനുകളാണ് രാജ്യത്ത് പരീക്ഷണങ്ങളുടെ വിവിധ ഘട്ടത്തിലുള്ളത്.