
ആരാധകൻ സ്വയം തീകൊളുത്തി
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് തമിഴ്നാട്ടിൽ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ രജനികാന്ത് വിദേശത്തേക്ക്. 14ന് രജനി സിംഗപ്പൂരിലേക്ക് തിരിക്കും. വിദഗ്ദ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന് നടന്റെ ഓഫീസ് വ്യക്തമാക്കി. രജനി രണ്ട് വർഷം മുമ്പ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ പ്രതിഷേധങ്ങളെത്തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനമെന്നും പറയപ്പെടുന്നു.
രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രജനിയുടെ വീടിന് മുന്നിൽ നാലാംദിനവും ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ രജനിയുടെ വീടിന്റെ മുന്നിൽ ഒരു ആരാധകൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈ സ്വദേശി മുരുകേശനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാടിന്റെ വിവിധയിടങ്ങളിൽ രജനിയുടെ കോലം കത്തിച്ചു.
തിരുച്ചിറപ്പള്ളി, സേലം, മധുര ജില്ലകളിൽ രജനി രസികർ മൺട്രം പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. രോഷാകുലരായ ആരാധകർ രജനിയുടെ ബാനറുകളും പോസ്റ്ററുകളും തകർത്തു.
രജനി കടുത്ത മാനസിക പ്രയാസത്തിലാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തൻ അർജുനമൂർത്തി പറഞ്ഞു.
തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി വലിയ പദ്ധതികൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ യാതൊന്നും നടപ്പാക്കാനായില്ല. അതിനാൽ അദ്ദേഹം കടുത്ത നിരാശനാണ്. തമിഴ് ജനതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പദ്ധതികൾ ഒരിക്കലും നഷ്ടമാകില്ല. രാഷ്ട്രീയമില്ലെങ്കിലും രജനി ജനങ്ങളെ കാണുമെന്ന് അർജ്ജുന മൂർത്തി പറഞ്ഞു.