ടി.നടരാജൻ ടെസ്റ്റ് സ്‌ക്വാഡിൽ, രോഹിത് വൈസ് ക്യാപ്ടൻ
മെൽബൺ: ആസ്ട്രേലിയയ്ക്ക് എതിരായ മെൽബൺ ടെസ്റ്റിനിടെ പരിക്കേറ്റ പേസർ ഉമേഷ് യാദവിന് പകരം തമിഴ്നാട്ടുകാരനായ പേസർ ടി. നടരാജനെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തി. ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്ന നടരാജനെ നെറ്റ്സിൽ ബാറ്റ്സ്മാന്മാർക്ക് പരിശീലനത്തിന് പന്തെറിഞ്ഞുകൊടുക്കാനുള്ള ബൗളർമാരുടെ കൂട്ടത്തിലാണ് ആസ്ട്രേലിയയ്ക്ക് അയച്ചിരുന്നത്. എന്നാൽ മറ്റ് ബൗളർമാരുടെ പരിക്ക് നടരാജന് മൂന്നാം ഏകദിനത്തിൽ അരങ്ങേറ്റ അവസരം സൃഷ്ടിക്കുകയായിരുന്നു. അതിലെ മികച്ച പ്രകടനം ട്വന്റി-20 പരമ്പരയിലേക്കും വാതിൽ തുറന്നു. ഇതിന് ശേഷം നെറ്റ്സ് ബൗളറായി ടെസ്റ്റ് ടീമിനൊപ്പം തുടരുകയായിരുന്നു.
എന്നാൽ ഉമേഷ് യാദവിന് പകരക്കാരനായി മൂന്നാം ടെസ്റ്റിൽ നടരാജൻ പ്ളേയിംഗ് ഇലവനിൽ എത്താൻ സാദ്ധ്യത കുറവാണ്. നേരത്തേ സ്‌ക്വാഡിലുള്ള പരിചയ സമ്പന്നനായ ശാർദ്ദുൽ താക്കൂറിനാണ് സാദ്ധ്യത കൂടുതൽ. ശാർദ്ദുൽ മുംബയ്ക്ക് വേണ്ടി 62 ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2018ൽ വിൻഡീസിനെതിരായ മത്സരത്തിൽ അരങ്ങേറിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിന് മുമ്പ് പരിക്കേറ്റ നിർഭാഗ്യവാനും കൂടിയാണ്. നടരാജൻ തമിഴ്നാടിനായി ഒരു ഫസ്റ്റ് ക്ളാസ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ.
നെറ്റ്സ് ബൗളറായി ഇന്ത്യൻ ടകമിനൊപ്പം ഇപ്പോൾ കാർത്തിക് ത്യാഗി മാത്രമാണ് അവശേഷിക്കുന്നത്.
അതേസമയം മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്‌ടനായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു. രണ്ടാം ടെസ്റ്റിൽ ഉപനായകനായിരുന്ന ചേതേശ്വർ പുജാരയ്ക്ക് പകരമാണ് രോഹിത് വൈസ് ക്യാപ്ടനാകുന്നത്.
ആദ്യ ടെസ്റ്റിൽ ഉപനായകനായിരുന്ന അജിങ്ക്യ രഹാനെ വിരാടിന്റെ അഭാവത്തിൽ രണ്ടാം ടെസ്റ്റിൽ നായകനായിരുന്നു.അതിനാലാണ് പുജാരയെ മെൽബണിൽ ഉപനായകനാക്കിയത്. ഏകദിന ,ട്വന്റി-20 ടീമുകളുടെ ഉപനായകനായ രോഹിത് ഇതോടെ സിഡ്നി ടെസ്റ്റിൽ കളിക്കുമെന്ന് ഉറപ്പായി. എന്നാൽ ഓപ്പണറായാണോ രോഹിതിനെ ഇറക്കുക എന്നതിൽ ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല.ആസ്ട്രേലിയയിൽ ടെസ്റ്റ് ഫോർമാറ്റിൽ പരിചയമില്ലാത്തതിനാൽ മദ്ധ്യ നിരയിൽ ഇറങ്ങാനാണ് രോഹിതിന് താത്പര്യമെന്നറിയുന്നു.