സംസ്ഥാനത്ത് കായിക പരിശീലനം നടത്താമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന കായിക പരിശീലനം പുനരാരംഭിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയന്ത്രങ്ങൾ പൂർണമായും പാലിച്ചാണ് പരിശീലനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ കായിക മത്സരങ്ങൾ തുടങ്ങിയിട്ടും കേരളത്തിൽ അക്കാര്യത്തിൽ ഒരു തീരുമാനവും വരാതിരുന്നത് കേരള കൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കളിക്കളങ്ങൾ തുറക്കാൻ മാസങ്ങൾക്ക് മുന്നേ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പകുതി കാണികളെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്താനും അനുമതി നൽകി. അതത് സംസ്ഥാനങ്ങളിലെ സർക്കാരുകളാണ് സ്ഥിതി ഗതികൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. അസാം,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജില്ലാ, സ്റ്റേറ്റ് അത്ലറ്റിക്സ് മീറ്റുകൾ ഉൾപ്പടെ നടന്നു കഴിഞ്ഞു. റാഞ്ചിയിൽ ഫെബ്രുവരിയിൽ ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റ് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.
കേരളത്തിൽ കായിക മത്സരങ്ങൾ നിറുത്തിവച്ചിട്ട് ഒൻപത് മാസത്തോളമായി സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കായിക പരിശീലന ഹോസ്റ്റലുകളും അടഞ്ഞുകിടക്കുകയാണ്.സ്റ്റേഡിയങ്ങളും സ്പോർട്സ് ഹോസ്റ്റലുകളും തുറക്കാനും മത്സരങ്ങൾ നടത്താനുമുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി നൽകേണ്ട സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നടപടിയുമുണ്ടാകാത്തതിരുന്നതാണ് കാരണം.
കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നതായി കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടില്ലാത്തതിനാൽ കേന്ദ്രസർക്കാർ ഇതുവരെ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് മത്സരങ്ങൾ നടത്താനാണ് ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിരിക്കുന്നത്.
കൃത്യമായ കർമ്മ പദ്ധതി സ്പോർട്സ് കൗൺസിലിൽ നിന്ന് കിട്ടാത്തതിനാലാണ് ആരോഗ്യവകുപ്പും കായികരംഗത്തെ കാര്യമായി പരിഗണിക്കാതിരുന്നത്. കഴിഞ്ഞ മാസം ബയോളജിക്കൽ ബബിളിനുള്ളിൽ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ക്രിക്കറ്റ് അസോസിയേഷൻ അനുവാദം ചോദിച്ചിരുന്നെങ്കിലും കായികരംഗത്ത് റീ ഓപ്പണിംഗിന് പൊതു മാനദണ്ഡം തയ്യാറായിട്ടില്ലാത്തതിനാൽ അനുമതി നൽകിയിരുന്നില്ല.
സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾ
ന്യൂഡൽഹി: സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിക്കാനാണ് കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗരേഖയിൽ നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ അനുമതിയുണ്ടെങ്കിലും അതത് സംസ്ഥാന സർക്കാരുകളിൽ നിന്നും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് അനുമതി വാങ്ങണം
. മറ്റ് നിർദേശങ്ങൾ
കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ആർ.ടി.പി.സി.ആർ പരിശോധനഫലം മത്സരം നടക്കുന്നതിന് 72 മണിക്കൂർ മുൻപ് ഹാജരാക്കണം. കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ള മത്സരാർത്ഥികളെ കഴിവതും മാറ്റി നിർത്തുക. പ്രവേശന കവാടങ്ങളിലും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തുമൊക്കെ ആളുകൾ കൂട്ടം കൂടുന്നുണ്ടോ എന്നറിയാൻ സി.സി.ടി.വികൾ സ്ഥാപിക്കണം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി കൊവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് മത്സരാർത്ഥികളുടെ സഞ്ചാരപാത, ആരോഗ്യം തുടങ്ങിയവ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കണം മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം