pk-kunjalikutty-

തിരുവനന്തപുരം : കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

'കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയിൽ അദ്ദേഹത്തെ പോലെ ഒരാൾ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാംഗമായിരുന്നു. എന്തോ ചില പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി അദ്ദേഹം പാർലമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു, അങ്ങോട്ട് പോയി. അതിപ്പോൾ അവസാനിപ്പിച്ച്‌ നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നിയമസഭയിൽ പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാടാണ്. അതിനെ താൻ സ്വാഗതം ചെയ്യുന്നു.' പിണറായി പറഞ്ഞു.

നിയമസഭാതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് തിരികെ വരുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷപരിഹാസം. ലീഗാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്നും കോൺഗ്രസ് രണ്ടാംകിടയായി തരംതാഴ്ന്നു കഴിഞ്ഞെന്നുമുള്ള തരത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. മുസ്ലിം സമുദായത്തിന്‍റെ അട്ടിപ്പേറവകാശം ലീഗിനല്ല എന്ന പരാമർശവും പിണറായി നടത്തിയിരുന്നു. ഇതിനെതിരെയും ലീഗ് പ്രതികരിച്ചിരുന്നു.