ഹൈദരാബാദ്: ഹൈദരാബാദിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി 56കാരനായ മലയാളിയെ വിവാഹം കഴിക്കേണ്ടിവന്ന 16കാരിയെ മോചിപ്പിച്ച് ഹൈദരാബാദ് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ യുവതി ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. അതേസമയം, പെൺകുട്ടിയെ വിവാഹം കഴിച്ച കേരളത്തിൽ നിന്നുള്ള അബ്ദുൾ ലത്തീഫ് പറമ്പൻ എന്നയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹ നിരോധന നിയമത്തിന് പുറമേ പോക്‌സോ നിയമപ്രകാരവും പീഡനത്തിനും ഇയാൾക്കെതികെ കേസെടുത്തിട്ടുണ്ട്.
അബ്ദുൾ ലത്തീഫിൽ നിന്ന് 2.5 ലക്ഷം രൂപ വാങ്ങി പെൺകുട്ടിയുടെ ബന്ധുവായ ഹയറുന്നിസയാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. 1.5 ലക്ഷം രൂപ ഹയറുന്നിസ സ്വന്തമാക്കി. ബാക്കി തുക ഇടനിലക്കാരായ അബ്ദുൾ റഹ്മാനും വസീം ഖാനും വിവാഹത്തിന് കാർമികത്വം വഹിച്ച മതപുരോഹിതനായ മുഹമ്മദ് ബദിയുദ്ദീൻ ഖാദിരിക്കും വീതിച്ചുനൽകി. ഇവർ നാല് പേരടക്കം ആറ് പേരാണ് അറസ്റ്റിലായത്.
ഹയറുന്നിസ പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകൾ ഉപയോഗിച്ചാണ് വിവാഹം നടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ വ്യാജരേഖ ചമച്ചതിനും ഹയറുന്നിസക്കെതിരെ കേസെടുത്തു.
16കാരിയുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. പിതാവ് കിടപ്പിലുമാണ്. വിവാഹം കഴിഞ്ഞതറിഞ്ഞ പെൺകുട്ടിയുടെ മറ്റൊരു ബന്ധുവാണ് പൊലീസിൽ പരാതി നൽകിയത്.