ജനീവ: ഫൈസറും ബയോൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ അവലോകനം ചെയ്ത ശേഷമാണ് അനുമതി നൽകിയത്. ഡബ്ല്യിയു.എച്ച്.ഒ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ വാക്സിനാണിത്. 'ലോകത്ത് എല്ലായിടത്തും മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്-ലോകാരോഗ്യസംഘടന ഉദ്യോഗസ്ഥയായ മാരിയംഗേല സിമാവോ പറഞ്ഞു.സുരക്ഷക്കയ്ക്കും ഫലപ്രാപ്തിക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ വാക്സിൻ പാലിച്ചിട്ടുണ്ടെന്നും കൊവിഡ് കാരണമുണ്ടാകുന്ന അപകടസാദ്ധ്യതകൾ പരിഹരിക്കാനാകുമെന്നും അവലോകനത്തിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യസംഘടന അനുമതി നൽകിയതോടെ വിവിധ രാജ്യങ്ങൾക്ക് വാക്സിന് ഉടനടി അനുമതി നൽകാനും ഇറക്കുമതി ചെയ്യാനും സാധിക്കും. അമേരിക്കയിലടക്കം പല ലോകരാജ്യങ്ങളിലും ഫൈസർ വാക്സിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഫൈസർ വാക്സിന്റെ ഡോസ് സ്വീകരിച്ചിരുന്നു. അതേസമയം, ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഫ്രാൻസിലും റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.