australia

കാൻബറ: ദേശീയ ഗാനത്തിലെ ഒരു വാക്കിന് മാറ്റം വരുത്തി ആസ്ട്രേലിയ. അഡ്വാൻസ് ഓസ്ട്രേലിയ ഫെയർ എന്ന ദേശീയ ഗാനത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ദേശീയ ഗാനത്തിന്റെ അന്തസത്തയിൽ പ്രധാന മാറ്റം വരുത്തുന്നതാണ് പുതിയ ഭേദഗതി. ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം. “For we are young and free” എന്ന വരി, “For we are one and free” എന്നാക്കി മാറ്റയിരിക്കുകയാണ്. ആധുനിക ആസ്ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അർത്ഥത്തിലായിരുന്നു 1878ൽ ഈ ഗാനം രചിച്ചത്. പീറ്റർ ഡോഡ്സ് മക്കോർമിക്കാണ് ഈ ഗാനം എഴുതിയത്. ഗോഡ് സേവ് ദ ക്വീൻ എന്ന ദേശീയ ഗാനത്തിന് പകരമായിട്ടായിരുന്നു ഇത്. എന്നാൽ, 60,000 വർഷത്തിലേറെ പഴക്കമുള്ള ആസ്ട്രേലിയൻ മനുഷ്യ ചരിത്രം തമസ്കരിക്കുകയാണ് ഈ പ്രയോഗം എന്ന വിമർശനം ഉയർന്നിരുന്നു. 143 വർഷങ്ങൾക്ക് മുമ്പ് രചിച്ച ഈ ഗാനം, ആസ്ട്രേലിയയുടെ ചരിത്രവും സംസ്കാരവും പൂർണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോൾ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യങ്ങളിലൊന്ന് എന്ന അഭിമാനത്തെ കൂടുതൽ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ച അടിസ്ഥാന ശിലകൾക്ക് നൽകുന്ന ബഹുമാനം കൂടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.