movie-theatre

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകൾ വരുന്ന അഞ്ചാം തീയതി മുതൽ പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചതിനെതിരെ നിലപാടെടുത്ത് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ. തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നും തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നുമാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ നിലപാടെടുത്തത്.

നിർമാതാവും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച് ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സഹകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ഈ മാസം അഞ്ചാം തീയതി തുറക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.

തീയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാകും കാണികൾക്ക് പ്രവേശനം അനുവദിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദർശനം നടത്തേണ്ടതെന്നും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വർഷത്തോളമായി സിനിമാ തീയറ്ററുകൾ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പകുതി ടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും നിബന്ധനകൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്കെതിരെ കർശന നടപടികളുണ്ടാകുംമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഞ്ചാം തീയതി തുറക്കുന്നതിന് മുൻപുതന്നെ സിനിമാ ശാലകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.