ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ജനക്കൂട്ടം തകർത്ത ഹിന്ദുക്ഷേത്രം പുനർനിർമിക്കാനൊരുങ്ങി പ്രാദേശിക സർക്കാർ. പൂർണ ചെലവും സർക്കാർ വഹിക്കും. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ കാരക് പട്ടണത്തിലെ ശ്രീ പരമഹാൻസ് ജി മഹാരാജ് സമാധി ക്ഷേത്രമാണ് ആൾക്കൂട്ടം തകർത്തത്. പ്രതികളെന്ന് സംശയിക്കുന്ന 45ഓളം പേർ പൊലീസ് പിടിയിലായെന്നാണ് റിപ്പോർട്ട്.
പ്രവിശ്യാ സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രെ പുനർനിർമിക്കുമെന്ന് മന്ത്രി കമ്രാൻ ബങ്കാഷ് അറിയിച്ചു.
ഹിന്ദുസംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിന്റെ നവീകരണത്തിൽ പ്രതിഷേധിച്ചാണ് ആൾക്കൂട്ടം ക്ഷേത്രത്തിനെതിരെ അക്രമം നടത്തിയത്.സംഭവസ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തുമെന്നും ഹിന്ദുസമൂഹത്തിന്റെ സഹകരണത്തോടെ പുനർനിർമാണം നടത്തുമെന്നും ബങ്കാഷ് അറിയിച്ചു. ക്ഷേത്രം തകർത്തതിനെ തുടർന്ന് പാകിസ്ഥാന്റെ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു.