ആരാധകരെ ആവേശ കൊടുമുടിയിലേറ്റാൻ താരപ്പകിട്ടാർന്ന ഒരു പിടി വമ്പൻ ചിത്രങ്ങളാണ് തമിഴകത്ത് ഒരുങ്ങുന്നത്
സിനിമ ആസ്വാദകരെ ആകർഷിക്കാൻ കോളിവുഡിലൽ വമ്പൻ പ്രോജക്ടുകൾ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷത്തെ ക്ഷീണം പുതുവർഷാദ്യമേ തീർക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരങ്ങൾ. തമിഴ് നാട്ടിലെ തിയേറ്ററുകൾ റീ ഓപ്പൺ ചെയ്തുവെങ്കിലും പഴയരീതിയിൽ ആഘോഷമാക്കാൻ വിജയ് യുടെ മാസ്റ്റർ വേണ്ടിവരുമെന്നാണ് തമിഴ് മക്കൾ ഒന്നടങ്കം പറയുന്നത്. പൊങ്കലിനാണ് മാസ്റ്ററിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഓവർസീസ് റൈറ്റ് 56 കോടിയ്ക്കാണ് വിറ്റുപോയത്. കേരളത്തിൽ 8 കോടി രൂപയ്ക്ക് മാസ്റ്ററിന്റെ റൈറ്റ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഐ എം പി ഫിലിംസും ചേർന്ന് സ്വന്തമാക്കി. മാസ്റ്ററിന്റെ റിലീസോടു കൂടി കോളിവുഡ് പഴയഗതിയിലേക്ക് മാറുമെന്ന പ്രത്യാശയിലാണ് തമിഴ് സിനിമാസ്വാദകർ. കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതി പ്രതിനായകനായി ചിത്രത്തിൽ എത്തുന്നുണ്ട്.
രാഷ്ട്രീയത്തിലേക്ക് ഇല്ല, സ്റ്റൈൽ മന്നന്റെ അണ്ണാത്തെ
അണ്ണാത്തെയുടെ ഹൈദരബാദ് ലൊക്കേഷനിൽ അനവധിപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, രജനികാന്തിനെ പരിശോധിച്ചതിൽ രക്ത സമ്മർദത്തിന്റെ അളവ് കൂടിയത് മൂലം പൂർണ വിശ്രമം വേണമെന്നതുകൊണ്ട് രജനി കാന്ത് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ വരവ് കാത്തുനിന്നവരെ നിരാശരാക്കി താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ചിത്രീകരണം രജനി കാന്ത് സുഖം പ്രാപിച്ചാലുടൻ പുനരാംരംഭിക്കും.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ നിന്ന് കീർത്തി സുരേഷ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ മീന ,നയൻതാര ,ഖൂശ്ബു , പ്രകാശ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഉലകനായകന്റെ വിക്രം
ലോകേഷ് കനകരാജ് ഒരുക്കുന്ന കമൽ ഹാസൻ ചിത്രം വിക്രം തമിഴകത്തെ ഈ വർഷത്തെ മറ്റൊരു വമ്പൻ ചിത്രമാണ് . രാജ് കമൽ ഫിലിം ഇന്റർനാഷണൽസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കമൽ ഹാസന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ചു മറ്റുകാര്യങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 1986 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിക്രമിന്റെ രണ്ടാം ഭാഗമാവുമോ എന്ന ആകാംക്ഷയിലാണ് തമിഴ് സിനിമാസ്വാദകർ. ഷങ്കർ - കമൽ ഹാസൻ കൂട്ടുകെട്ടിലെ ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ പുനർ ചിത്രീകരണവും ഈ വർഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിജയ് സേതുപതിയുടെ കാത്തുവാക്കുല രണ്ടു കാതൽ
വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്ന കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രം ഈ വർഷത്തെ മറ്റൊരു വമ്പൻ ചിത്രമാണ്. വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും സാമന്തയും നായികമാരായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
വിക്രമിന്റെ ത്രികോണ പ്രണയ ചിത്രം
ഗൗതം മേനോന്റെ ധ്രുവ നക്ഷത്രം എന്ന പ്രണയചിത്രം വിക്രമിന്റെതായി ഈ വർഷം റിലീസിനെത്തും. ഒപ്പം ആർ അജയ് ജ്ഞാന മുത്തുവിന്റെ കോബ്രയുടെ മുടങ്ങിപ്പോയ ചിത്രീകരണം ഈ വർഷം പുനരാംരംഭിക്കും.
മണി രത്നത്തിന്റെ പൊന്നിൽ സെൽവൻ വിക്രമിന്റെ ഈ വർഷത്തെ മറ്റൊരു വമ്പൻ ചിത്രമാണ്. ഒപ്പം കടാരം കൊണ്ടാരൻ ഈ വർഷം തിയേറ്ററുകളിൽ എത്തും.