ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ഭേദഗതി നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രക്ഷോഭം 37-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം നടത്തുന്ന കർഷക സംഘടനകളുമായുള്ള അടുത്ത ചർച്ച ജനുവരി നാലിന് നടക്കും. അന്നത്തെ ചർച്ചയിലും കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കർഷക സംഘടനകൾ. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് സർക്കാരുമായി ചർച്ച ചെയ്തതെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.
ജനുവരി നാലിന് സർക്കാരുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടാൽ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്ക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിക്കുമെന്ന് കർഷക സംഘടനാ നേതാവ് വികാസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഹരിയാന- രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപൂരിൽ പ്രതിഷേധിക്കുന്ന കർഷകരും ദേശീയ തലസ്ഥാനത്തേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചർച്ചയിൽ കൃത്യമായ തീരുമാനമെടുത്തില്ലെങ്കിൽ ജനുവരി ആറിന് ട്രാക്ടർ മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.