sensex

കൊച്ചി: പുതുവർഷത്തിലെ ആദ്യദിനം പുത്തൻ റെക്കാഡ് കുറിച്ച് ആഘോഷിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) ചരിത്രത്തിൽ ആദ്യമായി 14,000 കടന്ന് വ്യാപാരം പൂർത്തിയാക്കി. വ്യാപാരാന്ത്യം 36 പോയിന്റ് ഉയർന്ന് 14,018ലാണ് നിഫ്‌റ്റിയുള്ളത്.

ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) 117 പോയിന്റ് മുന്നേറി 47,868ലും വ്യാപാരം അവസാനിപ്പിച്ചു. ഇതും പുത്തൻ ഉയരമാണ്. കൊവിഡ് വാക്‌സിൻ വിതരണം ഉടനുണ്ടാകുമെന്ന വാർത്തകളുടെ പിൻബലത്തിലും ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്ന് നെഗറ്റീവ് വാർത്തകൾ വിട്ടൊഴിഞ്ഞു നിൽക്കുന്നതിനാലും തുടർച്ചയായി എട്ടാംദിവസമാണ് ഓഹരികൾ നേട്ടം കുറിക്കുന്നത്.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും അനുകൂലഘടകമാണ്. ഇന്നലെ ഒരുവേള സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയരമായ 47,980 വരെ എത്തിയശേഷമാണ് നേട്ടം നിജപ്പെടുത്തിയത്. ഐ.ടി.സി., ടി.സി.എസ്., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ., ഭാരതി എയർടെൽ, സൺഫാർമ എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടത്തിന് ചുക്കാൻ പിടിച്ച പ്രമുഖ ഓഹരികൾ.

2020ൽ സെൻസെക്‌സിന്റെ മൊത്തം നേട്ടം 15.7 ശതമാനമാണ്. നിഫ്‌റ്റി 14.9 ശതമാനവും മുന്നേറി. കൊവിഡ് പശ്ചാത്തലത്തിലും വിദേശ നിക്ഷേപം കുത്തനെ കൂടിയതാണ് ഓഹരി സൂചികകൾക്ക് നേട്ടമായത്.

വിദേശ നാണയ

ശേഖരത്തിനും

റെക്കാഡ്

ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബർ 25ന് സമാപിച്ച വാരത്തിൽ 29 കോടി ഡോളർ ഉയർന്ന് പുതിയ ഉയരമായ 58,084 കോടി ഡോളറിലെത്തി. 30.8 കോടി ഡോളർ വർദ്ധിച്ച് കരുതൽ സ്വർണശേഖരം 3,671.10 കോടി ഡോളറുമായി.