choondal

കളങ്കമില്ലാത്ത കുട്ടിക്കാലത്തിന്റെ കഥയാണ് കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച,​ ജെസ്‌വിൻ ജോസ് സംവിധാനം ചെയ്ത 'ചൂണ്ടൽ' എന്ന ഹ്രസ്വചിത്രം. ചെറിയ ക്ളാസിൽ പഠിക്കുമ്പോൾ സ്കൂളിൽ പോകാതെ പുഴക്കരെ പോയി ചൂണ്ടയിട്ടുള്ളവരാണ് നമ്മളിൽ പലരും. കുട്ടിക്കാലത്തിന്റെ ഗൃഹാതുര ഓർമ്മയുണ‌ർത്തുന്ന അത്തരം ഒരുപാട് അഭിനയമുഹുർത്തങ്ങളിലൂടെയാണ് ഈ ഹ്രസ്വചിത്രം കടന്നുപോകുന്നത്.

ഇണപിരിയാത്ത രണ്ട് ആൺകുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. സ്കൂളിൽ പോകാതെ മലയോരത്തെ പുഴയിൽ ചൂണ്ടയിടാനായി അവർ പദ്ധതിയിടുന്നു. പാടവരമ്പത്ത് നിന്ന് മണ്ണിരയെ പിടിച്ച് ചൂണ്ടയിൽ കോർത്ത് അവർ മീൻ പിടിക്കാൻ ഇറങ്ങുന്നു. പൊടുന്നനെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവം നിങ്ങളെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലൂടെയാകും അൽപനേരത്തേക്ക് പ്രേക്ഷകർ കടന്നുപോകുക. പ്രേക്ഷകരുടെ ആ ആശങ്കയ്ക്കും ഭയത്തിനുമൊക്കെ ക്ളൈമാക്സ് ഉത്തരം നൽകും.

മാസ്റ്റർ ശരൺ സ്റ്റാലിൻ,​ സ്റ്റെഫിൻ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു കുട്ടികളും അഭിനയിക്കുകയല്ല,​ മറിച്ച് ജീവിക്കുകയായിരുന്നെന്ന് നിസംശയം പറയാം. അത്രയേറെ തന്മയത്വത്തോടെയും നിഷ്‌കളങ്കതയോടെയുമാണ് അവർ അഭിനയിച്ചത്.