കുർണൂൽ : പ്രണയിച്ച് വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യവീട്ടുകാർ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അദോനി എന്ന സ്ഥലത്താണ് സംഭവം നടന്നത്.. നഗരത്തിലെ ആർടിസി കോളനിയിലെ ആദം സ്മിത്താണ് (30) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്റെ ഭാര്യ മഹേശ്വരിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പുതുവർഷാഘോഷത്തിന്റെ ഭാഗമായി കേക്ക് വാങ്ങാൻ നിന്ന യുവാവിനെ രണ്ട് പേർ വളഞ്ഞിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. തലയ്ക്ക് മർദ്ദനമേറ്റ ആദം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചുവെന്നുറപ്പാക്കിയ ശേഷമാണ് അക്രമികൾ സ്ഥലത്ത് നിന്ന് പോയത് എന്ന് അദോനി സിഐ പി ശ്രീരാമുലു വാർത്താ ഏജൻസിയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്റെ ഭാര്യ മഹേശ്വരിയുടെ അച്ഛൻ ചിന്ന ഈരണ്ണയെയും അമ്മാവൻ പെഡ്ഡ ഈരഎണ്ണയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.. നന്ദവാരം ബ്ലോക്കിലെ ഗുരാജല സ്വദേശിയായ ആദം ഫിസിയോതെറാപ്പിസ്റ്റാണ്. കഴിഞ്ഞ എട്ട് വർഷമായി പ്രണയത്തിലായിരുന്നു ആദം സ്മിത്തും മഹേശ്വരിയും. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു ആദം. കുറുവ സമുദായത്തിൽപ്പെട്ടയാളായിരുന്നു ആദമിന്റെ ഭാര്യ വീട്ടുകാരുടെ എതിർപ്പിനെതുടർന്ന് ഒന്നരമാസം മുൻപ് മഹേശ്വരി വീട് വിടുകയും ആദത്തെ വിവാഹം ചെയ്യുകയുമായിരുന്നു. തുടർന്ന് അദോനിയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇരുവരും .. വിവാഹത്തിന് പിന്നാലെ ഇരുവർക്കുമെതിരെ വധഭീഷണി നിലനിന്നിരുന്നു..ഭീഷണിയെത്തുടർന്ന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടു. ഇതിന് പിന്നാലെയാണ് കൊലപാതകം.