depression

തിരുവനന്തപുരം: സമൂഹത്തിലെ ഒറ്റപ്പെടുത്തൽ ഭയന്ന് പലരും പുറത്ത് പറയാൻ മടിക്കുന്ന അവസ്ഥയാണ് വിഷാദം. ഇൗ അവസ്ഥയിൽ സൗഹൃദങ്ങളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും ഉൾവലിയും. ആത്മഹത്യയിലേക്കുള്ള ദൂരം കുറയുന്ന അവസ്ഥ. ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുന്ന സംഭവങ്ങൾ നിരവധിയാണ്. ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികം കേരളത്തിലെ ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നതിന് കാരണവും മറ്റൊന്നല്ല. ലക്ഷക്കണക്കിന്‌ ആരാധകരും സമൂഹമാദ്ധ്യമങ്ങളിൽ അത്രയുംതന്നെ ഫോളോവേഴ്സുമുളള സെലിബ്രിറ്റികൾക്ക് പോലും വിഷാദത്തിന്റെ ഭാരം താങ്ങാനാവാതെ വരുന്നു എന്ന വാർത്തകൾ പൊതുസമൂഹത്തിന് നടുക്കമാവുകയാണ്. കൊവിഡ് കാലത്തെ ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവും അത്തരത്തിൽ ഉളളതാണ്.

സുശാന്തിന്റെ അകാല വിയോഗത്തിലുളള സങ്കടം നിറഞ്ഞ പോസ്റ്റുകൾക്ക് ശേഷം ജീവിതത്തിൽ തങ്ങൾ നേരിട്ട വിഷാദാവസ്ഥ പരസ്യമായി പറയാൻ പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ തയ്യാറായി. കേൾക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് പ്രധാനം. കൊവിഡ് കാലത്ത് രോഗം ബാധിക്കുമോ എന്ന ഭയം, തൊഴിൽനഷ്‌ടം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗം, ഉറ്റവരിൽ നിന്ന് അകന്നു കഴിയേണ്ടി വരിക, ബന്ധങ്ങളിലെ തകർച്ച, വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ അവസ്ഥകൾ മലയാളികളിൽ പലരെയും വിഷാദത്തിന്റെ ആഴക്കയത്തിലേക്കാണ് തളളിവിട്ടത്.

ഒറ്റപ്പെട്ടുപോകുന്ന കൊവിഡ് രോഗികൾ

കൊവിഡ് നിരീക്ഷണത്തിലിരുന്ന ചിലർ ആത്മഹത്യ ചെയ്‌ത വാർത്ത കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. നിരീക്ഷണ കാലയളവിൽ നേരിടുന്ന ഒറ്റപ്പെടൽ, രോഗത്തെക്കുറിച്ചുളള ഭീതി, സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുമെന്ന ഭീതി, സമൂഹത്തെയും കുടുംബത്തെയും ഇനി എങ്ങനെ നേരിടുമെന്ന ആശങ്ക ഇവയെല്ലാം കൊവിഡ് രോഗികളെ വലിയ മാനസിക സംഘർഷങ്ങളിലേക്കാണ് തളളിവിടുന്നത്.

പെട്ടെന്ന് രോഗാവസ്ഥയിൽ ആയതും പ്രത്യേകിച്ച് ചികിത്സയില്ലാത്ത രോഗം വന്നതും മരിക്കുമോ എന്ന ഭയവും വളരെ ഭീതിജനകമായ ഒരു കാര്യമാണ്. രോഗികളോട് സമൂഹം കാണിക്കുന്ന വേർതിരിവുകൾ, അവജ്ഞ, ഐസൊലേഷനിലുളള ചികിത്സ ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം.

രോഗം ഇല്ലെങ്കിൽ കൂടിയും നിരീക്ഷണ സമയത്ത് ഒറ്റയ്‌ക്ക് ആകുന്നത് വളരെ ബുദ്ധിമുട്ടുളള സംഗതിയാണ്. രോഗം ഉണ്ടോ ഇല്ലയോ എന്ന പേടി എല്ലാവർക്കും ഉണ്ടാകും. ഉറ്റവരെയും ബന്ധുക്കളെയും കാണാൻ പറ്റാതെ വരുന്നതും സംഘർഷം കൂട്ടും. സാമൂഹികമായ വേർതിരിവും ഒറ്റപ്പെടലും സഹിക്കേണ്ടി വരും.

വിമാനത്തിൽ നിന്ന് റൂമിലേക്ക്

ജോലി നഷ‌്‌ടപ്പെട്ടും കൊവിഡ് ഭീതി കാരണവും വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വന്തം വീട്ടിൽ കയറുന്നതിൽ നിന്ന് നാട്ടുകാർ തടയുകയും ഫ്ളാറ്റിൽ ഒറ്റപ്പെടുത്തുകയും മോശം വാക്കുകൾ അവർക്കുമേൽ പ്രയോഗിക്കുകയും ചെയ്യുന്ന വാർത്തകൾ പലപ്പോഴായി പുറത്തുവന്നിരുന്നു. പ്രവാസിയെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേൽപ്പിക്കുന്ന സ്ഥിതിവിശേഷം വരെ സാക്ഷര കേരളത്തിലുണ്ടായി.

നിരീക്ഷണത്തിലിരിക്കുന്നവരോട് ഇടപഴകേണ്ടി വരുന്നവരും അടുത്ത വീടുകളിൽ താമസിക്കുന്നവരുമൊക്കെ മാനസിക സംഘർഷം ഇപ്പോഴും നേരിടുന്നുണ്ട്. പോസിറ്റീവായവരുമായി ബന്ധപ്പെട്ടവരും വിദേശത്തുനിന്ന് വരുന്നവരും അടക്കം അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. കൊവിഡ് ആശങ്ക പരന്ന സാഹചര്യത്തിൽ ഏത് വിധേനെയും നാട്ടിലെത്താൻ ആഗ്രഹിച്ച് വിമാനത്തിൽ മൂന്നോ നാലോ മണിക്കൂർ അതിഭീകര ടെൻഷൻ അനുഭവിച്ച് ഒടുവിൽ നാട്ടിലെത്തി വീണ്ടും മുറിയിൽ ഒറ്റയ്‌ക്ക് കഴിയുന്നത് അതിഭീകരാവസ്ഥയാണ്.

വർക്ക് ഫ്രം ഹോം പരത്തിയ ഭീതി

ലോക്ക്ഡൗൺ സമയത്ത് വ‌ർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ സ്ഥിരമായി ജോലിചെയ്‌തവർ പെട്ടെന്ന് തന്നെ വിഷാദരോഗത്തിലേക്ക് വഴുതി വീണുവെന്നാണ് സൈക്യാട്രിസ്റ്റുകൾ പറയുന്നത്. വീട്ടിലെ പ്രതികൂല സാഹചര്യങ്ങളും ഒറ്റപ്പെടലും ജോലി ചെയ്യുന്ന അന്തരീക്ഷത്തിലെ പ്രതിസന്ധികളും ശരീരത്തെയും മനസിനെയും ഒരു പോലെ തളർത്തിയെന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐ.ടി പ്രൊഫഷണലായ അനാമിക 'ഫ്ളാഷി"നോട് പറഞ്ഞു. ജോലിയിൽ പ്രവേശിച്ച് അധികമാകാത്തവരെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി രൂക്ഷമായിരുന്നു.

ലോക്ക്ഡൗൺ സമയത്ത് ഐ.ടി കമ്പനികൾക്ക് പ്രോജക്‌ടുകൾ കുറഞ്ഞത് ശമ്പളം വെട്ടിക്കുറയ്‌ക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചു. ചിലർക്കാകട്ടെ ജോലി തന്നെ നഷ്‌ടപ്പെട്ടു. ഈ അവസ്ഥ ജോലി നഷ്‌ടപ്പെടാത്തവർക്കിടയിലും ഭീതി പരത്തിയെന്ന് മറ്റൊരു ഐ.ടി പ്രൊഫഷണലായ രമ്യ പറയുന്നു.

കുട്ടികൾ അസ്വസ്ഥരാണ്

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ഭംഗിയായി നടന്നെങ്കിലും കുട്ടികളിൽ ഭൂരിപക്ഷവും അസ്വസ്ഥരായിരുന്നുവെന്നാണ് ഭൂരിപക്ഷം സർവേ റിപ്പോർട്ടുകളും അടിവരയിടുന്നത്. കുട്ടികൾ ഏറ്റവുമധികം സംവദിച്ചിരുന്നത് കൂട്ടുകാരോടും അദ്ധ്യാപകരോടുമായിരുന്നു. വീട്ടിലുളളവരോട് പറയാൻ മടിക്കുന്ന പലതും അവർ സ്‌കൂളിൽ പങ്കുവച്ചിരുന്നു. അത് നഷ്‌ടമായത് കുട്ടികളെ പ്രശ്‌നത്തിലാക്കി. സ്‌കൂൾ അന്തരീക്ഷം നഷ്‌ടപ്പെട്ടതോടെ അവരുടെ സംസാരമടക്കം കുറഞ്ഞു. ഇക്കാലയളവിൽ കുട്ടികളിൽ പലരും വീടുകളിൽ അകാരണമായി ദേഷ്യപ്പെടാൻ തുടങ്ങി. കുട്ടികളിലെ സ്വഭാവ വ്യത്യാസം കൊണ്ട് സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയ രക്ഷകർത്താക്കൾ നിരവധിയാണ്.

ജോലിക്ക് പോകുന്ന മാതാപിതാക്കളും വീട്ടുജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നവരും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്ന് അറിവില്ലാത്തവരും അടക്കം രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികൾ വലുതാണെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. ഇത്തരത്തിൽ നിരവധി രക്ഷിതാക്കളാണ് സഹായം തേടി വിളിക്കുന്നത്. തങ്ങളുടെ അറിവില്ലായ്‌മ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കില്ലേ എന്ന ആശങ്കയാണ് ഇവരിൽ ഭൂരിഭാഗം പേ‌ർക്കുമുളളത്.

എന്ത് ചെയ്യുമെന്ന് അറിയില്ല

കമ്പോളത്തിൽ പണമെത്താതായതോടെ കൊവിഡ് കാലത്ത് ചെറുകിട വ്യവസായികളുടെ ദൈനംദിന ജീവിതം തന്നെ പരുങ്ങലിലായി. കൊവിഡിന് മുമ്പേ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിക്കിടക്കുകയായിരുന്ന വ്യവസായികൾക്ക് ലോക്ക്‌ഡൗൺ ഇരട്ടിപ്രഹരമായി. ആരും സാധനങ്ങൾ വാങ്ങാൻ വരാത്തതും പലതും കടയിൽ കെട്ടിക്കിടന്ന് നശിച്ചതും അതിന്റെ നഷ്‌ടംകൂടി സഹിക്കേണ്ട അവസ്ഥയിൽ വ്യവസായികളെ എത്തിച്ചു. 'എന്ത് ചെയ്യുമെന്ന് അറിയില്ല. മുന്നോട്ട് എങ്ങനെ പോകണമെന്ന് മനസിലാവുന്നില്ല. അൺലോക്ക് ആയിട്ടും കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യം മാറിയിട്ടില്ല.' തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ വസ്‌ത്ര വ്യാപാരിയുടെ വാക്കുകളാണിത്. ദിശയിലടക്കം ഇത്തരത്തിൽ സഹായം തേടി വിളിച്ചവർ നിരവധിയാണ്.

പ്രളയത്തിന് പിന്നാലെ കൊവിഡും ചതിച്ചു

മാർച്ചിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ കൃഷിക്കാരുടെ വിളവെടുപ്പ് പൂർണമായും നിലച്ചു. പിന്നീട് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും കൃഷിയിൽ ചിലത് വിളവെടുപ്പിന് കഴിയാത്ത അവസ്ഥയിലായി. ഇപ്പോഴുളളതിന് വില തീരെ കുറവും. മുടക്കിയ പണംപോലും തിരികെ കിട്ടില്ലെന്ന അവസ്ഥയിലാണ് കർഷകർ‌. ഇതോടെ കൃഷിയെ മുൻനിർത്തിയുളള എല്ലാ പദ്ധതികളും തെറ്റി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്ന കർഷകരാകട്ടെ അതിനൊപ്പം മാനസികമായും തളർന്നു.

‘രണ്ട് പ്രളയത്തിലും മുങ്ങിപ്പോയതാണ് എന്റെ കൃഷിയിടം. എല്ലാം മടുത്ത് ഇനി കൃഷി ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, നിവൃത്തിയില്ലാതെ വീണ്ടും കൃഷിയിലേക്ക് തന്നെ തിരിഞ്ഞു. കടമെടുത്താണ് കൃഷി ചെയ്‌തത്. നേന്ത്രവാഴയാണ് ഈ സമയത്ത് ഇവിടുത്തെ പ്രധാന വരുമാനം. ഇത്തവണ നല്ല വിളവുണ്ടായിരുന്നു. അതിന്റെ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. പക്ഷേ, കൊവിഡ് വന്നതോടെ ആ പ്രതീക്ഷയും പോയി’ എന്ന് കണ്ണൂർ സ്വദേശിയും കർഷകനുമായ മോഹനൻ പറയുന്നു.