
ബംഗളൂരു: വാഗമൺ നിശാപാർട്ടി ലഹരിമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച മുട്ടം കോടതിയെ സമീപിക്കും.
തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ബംഗളൂരുവിൽ നിന്ന് സംസ്ഥാനത്തെ നിശാപാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ കൂടുതൽ കണ്ണികളുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.
കഴിഞ്ഞമാസം വാഗമണ്ണിലെ റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 12 യുവതികളടക്കം 58 പേരെയാണ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ഇതിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്‌തു. ബാക്കിയുളളവർ പ്രഥമ ദൃഷ്‌ട്യാ ലഹരിമരുന്ന് ഉപയോഗിക്കുകയോ, കൈവശം വയ്‌ക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്നാണ് കേസിൽ പ്രതി ചേർക്കാതിരുന്നത്.