ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിലെ ബി ജെ പി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തളളി പ്രതിഷേധം. മുൻ മന്ത്രിയും ബി ജെ പി നേതാവുമായ തിക്ഷാൻ സുദിന്റെ വീടിന് മുന്നിലാണ് ട്രാക്‌ടർ ട്രോളികളിൽ ചാണകം തളളിയത്. കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.
ചാണകം തളളിയ പ്രതിഷേധക്കാർ വീടിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ചിലർ ബി ജെ പി നേതാവിന്റെ വീടിന് നേരെ ചാണകം എടുത്തെറിയുകയും ചെയ്‌തു. തന്റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാൻ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.
പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സംഭവത്തോട് പ്രതികരിച്ചു. ജനങ്ങളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റം കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർസിംഗ് പ്രതിഷേധക്കാരോട് പറഞ്ഞു.