jose-k-mani

കോട്ടയം: ജോസ് കെ മാണി പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഇതിന് മുന്നോടിയായി ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്‌ക്കും. കുട്ടനാട് സീറ്റ് എൻ സി പിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്നാണ് വിവരം. എൻ സി പി എൽ ഡി എഫ് വിടാനും തീരുമാനമെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ നടത്തും.

എ കെ ശശീന്ദ്രൻ വിഭാഗം മുന്നണി മാറ്റം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരെയും ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എൻ സി പി ക്യാമ്പ് പറയുന്നത്. സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ ഉൾപ്പടെയുളളവർ മാണി സി കാപ്പന് ഒപ്പമാണ്.

ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ എൽ ഡി എഫിൽ നിന്ന് ഒരു ഘടകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച ചർച്ച ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സജീവമാക്കുകയായിരുന്നു.

യു ഡി എഫ് എൻ സി പിക്ക് നാല് നിയമസഭ സീറ്റുകൾ നൽകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ സീറ്റുകളുടെ എണ്ണം അഞ്ച് വരെയാകാമെന്ന് എൻ സി പി വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വരും ദിവസങ്ങളിൽ നടക്കും.

സംസ്ഥാനത്ത് പ്രഖ്യാപനം നടന്നാൽ ചർച്ചകൾ വേറെ രീതിയിലേക്ക് പോവുമെന്നും അതുകൊണ്ട് ശരദ് പവാർ തന്നെ മുന്നണി മാറ്റം പ്രഖ്യാപിക്കണമെന്നും മാണി സി കാപ്പൻ ശരദ് പവാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ വീണ്ടും ശ്രദ്ധകേന്ദ്രമാകുമെന്ന് ഉറപ്പായി.