ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ എട്ട് മാസത്തിനുളളിൽ മുപ്പത് കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് എയിംസ് ഡയറക്‌ടർ ഡോ രൺദീപ് ഗുലേറിയ. ഡോക്‌ടർമാർ, നഴ്‌സുമാർ, പൊലീസ് ഉൾപ്പെടെയുളള മഹാമാരിയെ നേരിടാൻ ബന്ധപ്പെട്ടിരിക്കുന്നവർക്കായിരിക്കും വാക്‌സിൻ വിതരണത്തിൽ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ഒരു കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ്. പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവർക്കിടയിൽ ആർക്ക് മുൻഗണന നൽകണമെന്ന് പ്രത്യേകം തീരുമാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്രമേഹമുളള ഒരാളും നന്നായി നിയന്ത്രിത ഭക്ഷണവും പത്ത് വർഷമായി ഇൻസുലിൻ കഴിക്കുന്ന മറ്റൊരാളും. ഇതിൽ ഗുരുതരമായ പ്രമേഹമുളള വ്യക്തിക്ക് സ്ഥിരതയുളള വ്യക്തിയെക്കാൾ മുൻഗണന നൽകും.' എയിംസ് ഡയറക്‌ടർ പറഞ്ഞു.
വാക്‌സിൻ ചെലവ് എത്രയാണെന്നും ആരാണ് ഇതിന് പണം നൽകേണ്ടതെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി. നിലവിൽ വാക്‌സിൻ ചെലവ് സർക്കാരാണ് വഹിക്കുന്നത്. കേന്ദ്രസർക്കാർ മുൻകൈയെടുത്താകും പദ്ധതി നടപ്പാക്കുക. വാക്‌സിൻ കുത്തിവയ്പ്പിന് വില ഈടാക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രോഗമുക്തി നേടിയവർ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വാക്‌സിൻ സ്വീകരിക്കുന്നത് ഉചിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ചവർ രോഗലക്ഷണങ്ങൾ പൂർണമായും മാറി 14 ദിവസത്തിന് ശേഷം മാത്രമേ വാക്‌സിൻ സ്വീകരിക്കാവൂ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തിലാണിത്. വാക്‌സിൻ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം.വാക്‌സിൻ എടുക്കേണ്ട സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കണം. അല്ലാത്ത പക്ഷം വാക്‌സിൻ നൽകുകയില്ല.
28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്‌സിനാണ് കുത്തിവയ്‌ക്കേണ്ടത്. കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്‌ച കഴിഞ്ഞാണ് ആന്റിബോഡികളുടെ സംരക്ഷണ പാളി വികസിക്കുക. വാക്‌സിന്റെ ലഭ്യതയനുസരിച്ച് 50 വയസിന് മുകളിലുളളവർക്ക് വിതരണം നേരത്തെ ലഭിച്ചേക്കും. ഇതിനായി അമ്പത് വയസിന് മുകളിലുളളവരെ രണ്ട് ഉപഗ്രൂപ്പുകളായി തിരിക്കും.അതിൽ തന്നെ അറുപത് വയസിന് മുകളിലുളളവർക്ക് ആയിരിക്കും ആദ്യം മുൻഗണന നൽകുക. അതിനുശേഷമായിരിക്കും അമ്പത് മുതൽ അറുപത് വരെ പ്രായമുളളവർക്ക് വാക്‌സിൻ നൽകുക.
വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ചിലർക്ക് പനി, തലവേദന മുതലായവ അനുഭവപ്പെട്ടേക്കാമെന്നും വാക്‌സിൻ സ്വീകരിച്ച് കുറഞ്ഞത് അരമണിക്കൂറെങ്കിലും വാക്‌സിനേഷൻ സെന്ററിൽ വിശ്രമിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ട്. പിന്നീട് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നാണ് മാർഗരേഖ.
കൊവിഷീൽഡിന് വില 220വരെ, കൊവാക്‌സിന് 350
ആദ്യഘട്ട കുത്തിവയ്പ്പിനായുളള കൊവിഷീൽഡ് വാക്‌സിന്റെ ഒരു ഡോസിന് 200 മുതൽ 220 രൂപ വരെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കൊവാക്‌സിന് ഭാരത് ബയോടെക് ആവശ്യപ്പെടുന്നത് ഡോസിന് 350 രൂപയാണ്. വാക്‌സിന്റെ വിലകളിൽ പിന്നീട് മാറ്റമുണ്ടാകും. സർക്കാരിന് ഡോസിന് 220 രൂപയ്ക്കും സ്വകാര്യ വിപണിയിൽ 1000 രൂപയ്‌ക്കുമായിരിക്കും കൊവിഷീൽഡ് വാക്‌സിൻ നൽകുകയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ അദർ പൂനാവാല പറഞ്ഞു. ജനുവരി മാസം 10 ദശലക്ഷം ഡോസുകൾ സർക്കാരിന് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാക്‌ട് ഷീറ്റ് നൽകണം
വാക്‌സിൻ ലഭിക്കുന്ന വ്യക്തിക്ക് വാക്‌സിനെ സംബന്ധിച്ച വസ്‌തുത വിവര പട്ടിക (ഫാക്‌ട് ഷീറ്റ്) നൽകണം എന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധ സമിതി നിർദേശിച്ചു. ഇതനുസരിച്ച് വസ്‌തുത വിവര പട്ടിക തയ്യാറാക്കാൻ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിനോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കുത്തിവയ്പ്പ് ലഭിക്കുന്ന വ്യക്തിക്ക് പാർശ്വഫലങ്ങളോ, മറ്റ് രോഗങ്ങളോ ഉണ്ടായാൽ സർക്കാരിനെ 15 ദിവസത്തിനുളളിൽ അറിയിക്കണം.